കൊതുകില്ലാത്ത കൊച്ചിയെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ ? 2019 -ല്‍ മാത്രം 487,000 മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
എന്നാല്‍ കൊതുകിനെ ഒതുക്കാന്‍ 19കാരി ശ്രേയ മോഹന്‍പാത്ര കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കൊതുകിനെ അകറ്റി നിര്‍ത്താനായി ഇലക്ട്രിക് മെഷീനുകളും, കോയിലുകളും റാക്കറ്റും ഒക്കെ പരീക്ഷിച്ചു പരാജയപ്പെട്ടപ്പോഴാണ്. ഒരു കാര്യവുമുണ്ടായില്ല. ഒടുവില്‍ സ്വന്തം കൈ തന്നെ ആയുധമാക്കാന്‍ അവള്‍ തീരുമാനിച്ചു. അതോടെ അതവള്‍ക്ക് ഒരു വിനോദമായി മാറി.
ടെന്‍ഷന്‍ അകറ്റാന്‍ അവള്‍ തന്നെ കണ്ടെത്തിയ മാര്‍ഗ്ഗം. പലരും ടെന്‍ഷന്‍ വന്നാല്‍ പാട്ടു കേള്‍ക്കുകയോ, ഒന്ന് പുറത്തിറങ്ങി നടക്കുകയോ ഒക്കെയാണ് ചെയ്യാറുള്ളത്. എന്നാല്‍, ശ്രേയ കൊതുകിനെ കൊന്നാണ് ടെന്‍ഷന്‍ അകറ്റുന്നത്.
കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഇത് വളരെ പരിശീലനവും, സൂക്ഷ്മതയും വേണ്ട ഒന്നാണെന്നാണ് ശ്രേയയുടെ പക്ഷം. ഇങ്ങനെ കൊന്ന കൊതുകുകളെ അവള്‍ സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും മികച്ച പ്രകടനം നടത്താനുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായിരുന്നു. തണുപ്പുകാലത്തെത്തുടര്‍ന്ന് ദില്ലിയില്‍ കൊതുകുകള്‍ വീണ്ടും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതും അപ്പോഴായിരുന്നു.
”എന്റെ ബയോളജി പരീക്ഷയുടെ തലേദിവസം. പഠിച്ചതിന് ശേഷം ഞാന്‍ കൊതുകിനെ ഒന്നിനു പുറകെ ഒന്നായി കൊന്ന് ഒരു പാത്രത്തില്‍ ശേഖരിച്ചു” ശ്രേയ ഓര്‍ക്കുന്നു. അവയെ കൊല്ലാന്‍ തുടങ്ങിയതോടെ പരീക്ഷയുടെ എല്ലാ സമ്മര്‍ദ്ദങ്ങളും മറന്നുവെന്ന് ശ്രേയ പറയുന്നു.
അവള്‍ ചത്ത കൊതുകുകളെ അക്കമിട്ട് ഒരു നോട്ട്ബുക്കില്‍ ഒട്ടിക്കാനും ഒരു ട്രോഫിപോലെ സൂക്ഷിക്കാനും തുടങ്ങി. പിന്നീട് ഇതവള്‍ക്കൊരു വിനോദമായി മാറി. പതുക്കെ കൊതുകിനെ ചതക്കാതെ തന്നെ കൊല്ലുന്ന ഒരു സാങ്കേതികവിദ്യ അവള്‍ വികസിപ്പിച്ചെടുത്തു.
പതിനാലാം വയസ്സില്‍ കഠിനമായ ഡെങ്കിപ്പനി ബാധിച്ചത്തോടെ കൊതുകുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അവള്‍ കൂടുതല്‍ ബോധവതിയായി.
ഇത്ര വിദഗ്ധമായി കൊതുകുകളെ കൊല്ലുന്ന ഇവളുടെ ഈ കഴിവിനെ കുറിച്ച് ആദ്യമൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍, 2020 ഒക്ടോബറില്‍, ‘how it started vs. how it’s going’ എന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ അവള്‍ കൊന്ന കൊതുകുകളുടെ ചിത്രങ്ങള്‍ പങ്കിട്ടു.
അധികം താമസിയാതെ ചിത്രത്തിന് 110k ലൈക്കുകളും, 25,000 തവണ ഷെയറും വന്നു. ക്രമേണ, 5,500 ലധികം ആളുകള്‍ അവളെ പിന്തുടരാന്‍ തുടങ്ങി. എന്നാല്‍, ആളുകളില്‍ നിന്ന് പലരീതിയിലുള്ള പരിഹാസമായിരുന്നു അവളെ കാത്തിരുന്നത്.
പലരും അവളെ ”സൈക്കോപാത്ത്”, ”സീരിയല്‍ കില്ലര്‍” എന്നൊക്കെ വിളിച്ചു. ചിലര്‍ വിചിത്രമായ രീതിയിലുള്ള പ്രതികാരം എന്നും പറഞ്ഞു. പലരുടെയും പരിഹാസങ്ങള്‍ അവളെ വിഷമിപ്പിച്ചെങ്കിലും അവള്‍ കൊതുകുകളെ കൊല്ലുന്നത് തുടര്‍ന്നു.
അവളുടെ ഈ വിചിത്രമായ വിനോദങ്ങള്‍ ആദ്യമൊക്കെ മാതാപിതാക്കള്‍ എതിര്‍ത്തു. ”ഈ നോട്ട്ബുക്കുമായി ഞാന്‍ വളരെ ബന്ധപ്പെട്ടിരിക്കുന്നു. എന്റെ കുടുംബം ഇത് വലിച്ചെറിയുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു.
പക്ഷേ എനിക്ക് അത് സഹിക്കാന്‍ കഴിയില്ല” അവള്‍ പറഞ്ഞു. എന്നാല്‍, പിന്നീട് വീട്ടുകാര്‍ ഇതിനെ സ്വീകരിക്കാന്‍ തുടങ്ങി. ഭാവിയില്‍, ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ടെക്‌സ്‌റ്റൈല്‍ പ്രിന്റുകള്‍ രൂപകല്‍പ്പന ചെയ്ത് തന്റെ ഹോബിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുകയാണ് ശ്രേയ.
?