മൊസാദ് ഇറാന്റെ ആണവരഹസ്യം കടല്‍മാര്‍ഗം ചോര്‍ത്തി ? 50 കിലോഗ്രാം തൂക്കം വരുന്ന രേഖകള്‍ കടത്താനെടുത്തത് വെറും ആറര മണിക്കൂര്‍;അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് ചൂട് പകരുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ആണവായുധങ്ങളെച്ചൊല്ലി അമേരിക്കയും ഇസ്രയേലും ഇറാനുമായുള്ള പോര് തുടരുകയാണ്. ആയുധ നിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാന്റെ ആണവ താത്പര്യങ്ങള്‍ ആയുധ നിര്‍മാണത്തിനല്ല മറിച്ച് ഇന്ധനം നിര്‍മിക്കാനാണെന്നാണ് അവര്‍ ലോകത്തിനു മുമ്പാകെ അന്നും ഇന്നും പറയുന്നത്.

എന്നാല്‍ അവരുടെ ആണവ രഹസ്യ ചുവടുകള്‍ മുഴുവന്‍ വീക്ഷിച്ചിരുന്ന ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദ് അവരുടെ ആണവ രേഖകളില്‍ പലതും വര്‍ഷങ്ങള്‍ക്ക് മുന്‍പെ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. അടുത്തിടെ വാര്‍ത്ത വന്നിരുന്നു. മൊസാദ് കഴുകന്‍മാരുടെ ചടുല നീക്കത്തിലൂടെയാണ് ഇറാന്റെ വിലപ്പെട്ട ആണവ, യുറേനിയം രേഖകള്‍ കൈക്കലാക്കിയത്. രേഖകളിലും സിഡികളിലുമായി സൂക്ഷിച്ചിരുന്ന ആണവ ഗവേഷണ ഡേറ്റകളാണ് അവര്‍ കടത്തിയത്. 50 കിലോ തൂക്കം വരുന്ന രേഖകളാണ് അന്ന് കടല്‍ വഴി കൊണ്ടുപോയത്. വര്‍ഷങ്ങളോളം നിരീക്ഷണം നടത്തിയാണ് മൊസാദ് ആ ദൗത്യം നിറവേറ്റിയത്.

അതിസൂക്ഷ്മവും, സമയബന്ധിതവുമായിരുന്ന ആ നീക്കം ഉദ്വേഗജനകമായ ഒരു കഥയാണ്. വെറും ആറു മണിക്കൂറും 29 മിനിറ്റുമായിരുന്നു അവര്‍ക്കു ലഭിച്ച സമയം. ഇത്തരം കാര്യങ്ങളില്‍ ഇസ്രയേലിന്റെ ശേഷിയുടെ വെളിപ്പെടുത്തലും കൂടെയായിരുന്നു അത്. അന്യ രാജ്യങ്ങളിലെ ചാരന്മാര്‍ക്ക് എത്രമാത്രം മറ്റൊരു രാജ്യത്തെക്കുറിച്ച് അറിയാനാകും എന്നതിനെക്കുറിച്ചൊരു പാഠം കൂടെയാണ് ഈ സംഭവം. നിലവില്‍ ഇറാനുമായുള്ള ആണവകരാര്‍ ഉപേക്ഷിക്കാനുള്ള യുഎസ് തീരുമാനത്തിന് കാരണമായതായി കരുതപ്പെടുന്ന ആയിരക്കണക്കിന് രേഖകളാണ് അന്ന് മൊസാദ് കടത്തിയത്. രേഖകള്‍ കടത്താന്‍ മുന്നിട്ടിറങ്ങിയവരെ എല്ലാം ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരങ്ങള്‍ നല്‍കി ആദരിച്ചു. ഇറാന്റെ ആണവ ഫയലുകള്‍ കൈവശം വച്ചിരിക്കുന്ന വെയര്‍ഹൈസില്‍ അതിക്രമിച്ച് കയറിയ മോസാദ് ജീവനക്കാരന് 2019 ലെ ഇസ്രയേല്‍ സെക്യൂരിറ്റ് പ്രൈസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ടെഹ്റാനിലെ അനാകര്‍ഷകമായ ഒരു സ്ഥലത്തു സ്ഥിതി ചെയ്യുന്ന പാണ്ടികശാലയിലാണ് ഇറാന്‍ അവരുടെ രഹസ്യ ആണവ പദ്ധതിയുടെ രേഖകളും മറ്റും സൂക്ഷിച്ചിരുന്നത്. ഇവയാകട്ടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായിരുന്നു ഇരുന്നിരുന്നത്. ആണവ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് അവ ഈ പാണ്ടികശാലയിലെത്തിച്ചത്. അധികം ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ അവിടെ ഒരുപാടു കാവല്‍ക്കാരെയും നിയമിച്ചിരുന്നില്ല. ഇവിടെ ഡ്യൂട്ടിയിലുള്ള പട്ടാളക്കാര്‍ക്ക് രാത്രിയില്‍ വീട്ടില്‍ പോകാന്‍ വരെ അനുവദം നല്‍കിയിരുന്നു. അത്രയ്ക്കും സുരക്ഷയൊരുക്കാത്ത രഹസ്യ കേന്ദ്രമായിരുന്നു ഇത്. നാട്ടുകാര്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ പോലും ഇവിടെ രാജ്യത്തിന്റെ വലിയ രേഖകളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലായിരുന്നു.

എന്നാല്‍ ഇതെല്ലാം മൊസാദ് ചാരന്‍മാര്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഈ തക്കംനോക്കി മൊസാദ് അവരുടെ നീക്കങ്ങളും തുടങ്ങി. രാവിലെ ഏഴു മണിക്കാണ് ഇവിടെ ഗാര്‍ഡുകള്‍ എത്തുക. ഇതെല്ലാം മൊസാദ് നേരത്തെ മനസ്സിലാക്കിയിരുന്നു. എന്നതുകൊണ്ട് തങ്ങളുടെ ഏജന്റുമാരോട് അഞ്ചു മണിക്ക് പുറത്തിറങ്ങണമെന്നായിരുന്നു നല്‍കിയിരുന്ന നിര്‍ദ്ദേശം. എടുക്കുന്ന രേഖകളും മറ്റും സുരക്ഷിതമാക്കാന്‍ രണ്ടു മണിക്കൂര്‍ ധാരാളം മതിയായിരുന്നു.

പാണ്ടികശാലയിലെ അപകടമണികളും മറ്റും നിര്‍വ്വീര്യമാക്കാന്‍ എടുക്കുന്ന സമയമടക്കം എല്ലാം മൊസാദ് നേരത്തെ കണക്കുകൂട്ടി. രണ്ടു വാതിലുകളായിരുന്നു തകര്‍ക്കാന്‍ ഉണ്ടായിരുന്നത്. ആണവ രഹസ്യങ്ങള്‍ അടങ്ങുന്ന രേഖകള്‍ സൂക്ഷിച്ച 32 കരുത്തന്‍ ഇരുമ്പ് അലമാരകളാണ് അകത്തുള്ളത്. 3,600 ഡിഗ്രി വരെ ചൂടുണ്ടാക്കാന്‍ സാധിക്കുന്ന ടോര്‍ച്ചുകളുമായാണ് മൊസാദിന്റെ ചാരന്മാര്‍ എത്തിയത്. ഇവ ഉപയോഗിച്ച് അലമാരകളുടെ പൂട്ടു തകര്‍ക്കാമെന്നും അവര്‍ക്ക് അറിയാമായിരുന്നു. തീര്‍ച്ചയായും ഇതെല്ലാം മൊസാദിന്റെ ചാരന്മാര്‍ കണ്ടെത്തിയതല്ല. ഇറാന്റെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും മറ്റുമായി സംഘടിപ്പിച്ച വിവരങ്ങളാണ്. അതു കൊണ്ടാണല്ലോ ഏത് അലമാരയിലാണ് കൂടുതല്‍ പ്രാധാന്യമുള്ള രേഖകള്‍ വച്ചിരുന്നതെന്ന് മനസ്സിലാക്കാനായത്. അത്തരം അലമാരകളില്‍ നിന്ന് 50,000 പേജ് രേഖകളും വിഡിയോകളും മെമ്മൊകളും പ്ലാനുകളും അടങ്ങുന്ന 163 സിഡികളുമാണ് അന്നു മൊസാദ് ചാരന്‍മാര്‍ കടത്തിയത്.

തങ്ങളെ പലരും വീക്ഷിക്കുന്നുണ്ട് എന്നറിയാവുന്നതു കൊണ്ടാണ് മൊസാദ് കടന്നു കയറിയ പാണ്ടികശാലയ്ക്ക് 24 മണിക്കൂര്‍ കാവല്‍ ഏര്‍പ്പെടുത്താതിരുന്നത്. അയല്‍പക്കത്തുള്ളവരും മറ്റും അവിടെ തന്ത്രപ്രധാനമായ എന്തൊ സംഭവിക്കുന്നുണ്ടെന്ന വാര്‍ത്ത പരത്താതിരിക്കാനാണ് അവര്‍ അങ്ങനെ ചെയ്തത്. എന്നാല്‍ ഇറാനു മനസ്സിലാകാതിരുന്ന ഒരു കാര്യം മൊസാദ് രണ്ടു വര്‍ഷമായി ഇറാന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊസാദിന്റെ സ്ഥിരം രീതി രേഖകളുടെ ഫോട്ടോയും മറ്റും എടുത്തു മടങ്ങുക എന്നതാണ്. ഇസ്രയേലിന്റെ പോര്‍വിമാനങ്ങള്‍ ഇറാന്റെ നഗരങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ചിത്രങ്ങള്‍ പകര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇറാന്റെ കാര്യത്തില്‍ മൊസാദ് തലവന്‍ യൊസി കോഹന്‍ ഉത്തരവിട്ടത് രേഖകള്‍ കെട്ടിപ്പെറുക്കി പോരാനായിരുന്നു. പാണ്ടികശാലയില്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കാനാണ് ഈ തീരുമാനം.

ഇസ്രയേലിന്റെ നീക്കത്തിന് ഇറാനില്‍ നിന്നു തന്നെയുള്ള ഉദ്യോഗസ്ഥരുടെ സഹായം ഉണ്ടായിരുന്നു എന്നതിനെപ്പറ്റി ഇപ്പോള്‍ ആര്‍ക്കും സംശയമില്ല. ഏത് അലമാരകളിലാണ് പ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്നത് എന്നതും അപകട സൈറണ്‍ എങ്ങനെ നിര്‍വീര്യമാക്കാമെന്നതും അടക്കമുള്ള കാര്യങ്ങള്‍ അവര്‍ക്ക് ചോര്‍ത്തി നല്‍കിയതാണ്. സിനിമ സ്റ്റൈലിലായിരുന്നു കവര്‍ച്ച എങ്കിലും മൊസാദിന്റെ പോരാളികളെ ആരും പിന്തുടര്‍ന്നില്ല. ഇറാന്റെ പതിനായരിക്കണക്കിനു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്യമറിഞ്ഞപ്പോഴേക്കും രേഖകളും മറ്റും എത്തേണ്ടിടത്ത് എത്തിയിരുന്നു. ഈ ഓപ്പറേഷനില്‍ ഇരുപതോളം പേരാണ് മൊസാദിനു വേണ്ടി പ്രവര്‍ത്തിച്ചത്. ആരെങ്കിലും പിടിക്കപ്പെട്ടാലോ എന്നു കരുതി പല സംഘങ്ങളായാണ് രേഖകള്‍ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയത്. ഇറാനില്‍ നിന്ന് വിമാനത്തിലാണോ കടല്‍മാര്‍ഗ്ഗമാണോ ഇവ കടത്തിയത് എന്നു വെളിപ്പെടുത്തിയില്ല. പക്ഷേ, കടല്‍മാര്‍ഗ്ഗമാണ് എന്നാണ് അനുമാനം.

ഇസ്രയേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പിടിച്ചെടുത്ത രഹസ്യ രേഖകളെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പുറത്തു വിടുകയും 2015ല്‍ അമേരിക്കയുമായി ഇറാന്‍ ഒപ്പുവച്ച ഉടമ്പടി റദ്ദാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് പറയുകയും ചെയ്തിരുന്നു. നെതന്യാഹു പറഞ്ഞത് കിട്ടിയ രേഖകള്‍തന്നെ ഇറാന് അണ്വായുധ നിര്‍മാണത്തിലുള്ള താത്പര്യം വിളിച്ചു പറയുന്നു എന്നാണ്. ഈ വിഷയത്തില്‍ പിന്നീട് ട്രംപ് എടുത്ത തീരുമാനം യൂറോപ്യന്‍ രാജ്യങ്ങളുടെ രോഷത്തിനിടയാക്കിയെങ്കിലും ഒരു പക്ഷേ അതു ശരിയായിരിക്കാമെന്നാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ കാണിക്കുന്നത്്. എന്നാല്‍ ഇറാന്‍ പറയുന്നത് ഈ രേഖകളെല്ലാം ഇസ്രയേല്‍ കൃത്രിമമായി നിര്‍മിച്ചവയാണെന്നാണ്.

Related posts