കായംകുളം: സ്വർണ വ്യാപാരിയുടെ വീട് കുത്തിതുറന്ന് വൻകവർച്ച നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന അരക്കിലോ സ്വർണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയുമാണ് മോഷണസംഘം കഴിഞ്ഞ ദിവസം പുലർച്ചെ അപഹരിച്ചത്.
കായംകുളം ചേരാവള്ളി ഇല്ലത്തു വീട്ടിൽ വാടകക്കു താമസിക്കുന്ന സ്വർണ വ്യാപാരി മഹാരാഷ്ട്രാ സ്വദേശി സന്തോഷ് പവാറി (39) ന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. എട്ടു ഗ്രാമിന്റെ രണ്ടുവളകൾ, 50 ഗ്രാമിന്റെ നെക്ലസ്, 25കുട്ടി വളകൾ, കൈ ചെയിനുകൾ, മോതിരം, കമ്മൽ, ലോക്കറ്റ്, 14 ഗ്രാം ബോംബെ ചെയിൻ, താലി, കൊളുത്ത് തുടങ്ങി അരക്കിലോ സ്വർണാഭരണങ്ങളും 1,25,000 രൂപയുമാണ് മോഷണം പോയത്.
കഴിഞ്ഞ നാലിന് രാത്രി സന്തോഷ് പവാറും കുടുബവും ചേർത്തലയിലുള്ള ബന്ധുവീട്ടിൽ പോയി ഇന്നലെ രാവിലെയാണ് മടങ്ങിയെത്തിയത്. അപ്പോൾ വീടിന്റെ മുൻ വശത്തെ കതക് കുത്തിതുറന്ന നിലയിൽ കാണപ്പെട്ടതിനെത്തുടർന്ന് വീടിനുള്ളിൽ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഉടൻതന്നെ ഇവർ പോലീസിനെ വിവരമറിയിച്ചു. കിടപ്പു മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോൽ എടുത്ത് തുറന്നാണ് കവർച്ച നടത്തിയത്. മോഷണസംഘം വീടിന്റെ പിൻവശത്തെ കതക് തുറന്നാണ് രക്ഷപ്പെട്ടത്.