ചെന്നൈ: ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ ഉയര്‍ത്തിയ ആരോഗ്യഭീഷണി ഒന്നൊതുങ്ങി വരുമ്പോഴേക്കും അതാ അടുത്തത്. കാലം തെറ്റി എത്തുന്ന മാങ്ങയിലെ പതിവില്ലാത്ത രാസവസ്തു സാന്നിധ്യത്തെക്കുറിച്ചും ഭയപ്പെടാതെ വയ്യ.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ആരോഗ്യത്തിനു ഹാനികരമായ എഥിലിന്‍ പൊടിരൂപത്തില്‍ സംഭരിച്ച ചാക്കുകള്‍ കോയമ്പേട് മാര്‍ക്കറ്റിലെ 10 കച്ചവടക്കാരില്‍ നിന്നു കണ്ടെത്തിയത് ഇതിന്റെ ഉപഭോക്താക്കളായ മലയാളികള്‍ക്ക് കനത്ത ആശങ്കയാണ് നല്‍കുന്നത്.
മാരകമെങ്കിലും ഇഷ്ടാനുസരണം മാങ്ങ പഴുപ്പിക്കാന്‍ പരീക്ഷിക്കപ്പെടുന്ന ഇത് ചൈനയില്‍ നിന്നാണത്രെ എത്തിക്കുന്നത്. ചെന്നൈയിലെ പഴുപ്പിക്കല്‍ രീതി കേരളത്തിലുമുണ്ടോയെന്ന ആശങ്കയിലാണ് മലയാളികള്‍.
പാകമാകും മുന്‍പ് വിളവെടുക്കുന്ന മാങ്ങ, വില ഉയരുമ്പോള്‍ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് എഥിലിന്‍ ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡ് ആണ് പഴങ്ങള്‍ വേഗം പഴുപ്പിക്കുന്നതിനായി കച്ചവടക്കാര്‍ പലപ്പോഴും ഉപയോഗിക്കുകയെങ്കിലും ചാക്ക് കണക്കിന് എഥിലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതും പ്രയോഗിക്കുന്നുണ്ടോ എന്ന സംശയം വ്യാപകമായത്. കേരളം, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാടിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണു നഗരത്തിലേക്കുള്ള മാമ്പഴം എത്തുന്നത്.
അധിക വിളവ് ലഭിക്കുന്ന സമയത്ത് പാകമാവാത്ത മാങ്ങ വിലകുറച്ചു വില്‍ക്കുന്നതിനായാണ് വന്‍കിട വ്യാപാരികള്‍ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. 60 കടകളില്‍ നടത്തിയ പരിശോധനയില്‍ പത്തിടത്തുനിന്ന് എഥിലിന്‍ ചാക്കുകള്‍ കണ്ടെത്തി.
ഒട്ടേറെ കടകളില്‍നിന്നു കാല്‍സ്യം കാര്‍ബൈഡും കണ്ടെത്തിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു മാസം മുന്‍പു മാങ്ങയും പപ്പായയും പഴുപ്പിക്കുന്നതിനു രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതായി കോയമ്പേട് തന്നെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പഴങ്ങള്‍ പഴുപ്പിക്കുന്നതിനായി നിയന്ത്രിത അളവില്‍ എഥിലിന്‍ വാതകം ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ട്. എന്നാല്‍ എഥിലീന്‍ പൊടി ഉപയോഗിക്കാന്‍ അനുമതിയില്ല. പൊടി ഇത്തരത്തില്‍ മാങ്ങാച്ചാക്കുകളില്‍ നിറയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
എഥിലീന്‍ വാതകത്തിന്റെ നിരവധി മടങ്ങ് വീര്യമാണ് എഥിലീന്‍ പൊടിയ്ക്ക്. ഈ രീതിയിലുള്ള പഴങ്ങള്‍ കഴിച്ചാല്‍ അള്‍സറും നാഡീവ്യൂഹ തകരാറും ഉണ്ടാവും. നിരന്തര ഉപയോഗം അര്‍ബുദം വരെയുള്ള മാരകരോഗങ്ങള്‍ക്കും കാരണമാകും.