ഇഷ്ടപ്പെട്ടവരെ പങ്കാളികളാക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിച്ചുകൊടുക്കാന്‍ 21ാം നൂറ്റാണ്ടിലും വലിയൊരു വിഭാഗം ഒരുക്കമല്ല.
ഈ പഴഞ്ചൻ മനോഭാവമാണ് പല പ്രണയക്കൊലപാതകങ്ങള്ക്കും കാരണം. പ്രണയിച്ചയാളെക്കുറിച്ച് കൂടുതല്‍ മനസിലാകുന്നതോടെ, നോ പറഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ കൊലക്കത്തിക്ക് ഇരയാകുന്നു.
പ്രണയത്തില്‍നിന്ന് പിന്മാറുന്ന സ്ത്രീകളെ കടത്തിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ച് വിവാഹം കഴിക്കുന്ന കേസുകള്‍ക്കും രാജ്യത്ത് പഞ്ഞമില്ല.
ഓരോ ദിവസവും 76 സ്ത്രീകളെയെങ്കിലും ഇന്ത്യയില്‍ നിര്‍ബന്ധിച്ച് വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടു പോകുന്നുണ്ടെന്നും ഇവരില്‍ എട്ടുപേരെങ്കിലും ഒരുദിവസം കൊല്ലപ്പെടുന്നുണ്ടെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.
ഒളിച്ചോടുന്നവരിലേറെയും മുതിര്‍ന്ന സ്ത്രീകൾ
ഭർതൃപീഡനത്തിന്റെയും പ്രണയത്തിന്റെയും പേരിൽ വീടു വിട്ടിറങ്ങുന്ന വീട്ടമ്മമാരുടെ എണ്ണം നാൾക്കുനാൾ കൂടുകയാണ്. ഈവിധം ഒളിച്ചോടുന്നവരില്‍ 92 ശതമാനവും മുതിര്‍ന്ന സ്ത്രീകളാണ്.
ഇവരിൽ പലരും പിന്നീട് വഞ്ചിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇത്തരം കൊലകള്‍ക്ക് ലിംഗവിവേചനം ഒരു അടിസ്ഥാനഘടകമാണെന്ന് ജെഎന്‍യു സെന്റര്‍ ഫോര്‍ സ്റ്റഡീസ് ലോ ആന്‍ഡ് അസോസിയേറ്റ്സിലെ അസോസിയേറ്റ് പ്രഫ. പ്രക്ഷിത ബക്ഷി അഭിപ്രായപ്പെടുന്നു.
കേരളത്തില്‍തന്നെ നടന്ന പ്രണയക്കൊലകളും അതിനെ ചുറ്റിപ്പറ്റി നടന്ന സമൂഹത്തിന്റെ ചര്‍ച്ചകളും ഇതുതന്നെയാണ് തെളിയിക്കുന്നത്.
സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പോലീസും ‘അപരാജിത’ പോലുള്ള സംവിധാനങ്ങളൊന്നും ഫലപ്രദമല്ലെന്ന് പുതിയ കേസുകള്‍ തെളിയിക്കുന്നു.
പ്രണയക്കൊലകളിൽ മുന്നിൽ ഉത്തര്‍പ്രദേശ്
ഉത്തര്‍പ്രദേശാണ് പ്രണയക്കൊലകൾ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം. ആന്ധ്രയിലും തെലങ്കാനയിലുമായി ഒരോ ദിവസവും ഒരു പ്രണയക്കൊലയെങ്കിലും നടക്കുന്നുണ്ട്.
പഞ്ചാബും ഹരിയാനയും തമിഴ്നാടും ഇതിന് പിറകെ ഉണ്ട്. ഇന്നത്തെനിലയിൽ കാര്യങ്ങൾ പോയാൽ നമ്മുടെ സാംസ്കാരിക കേരളം മുന്നിലെ സ്ഥാനം കൈയടക്കാന്‍ അധികം താമസം ഉണ്ടാകില്ല.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഇത്തരം നിരവധി കേസുകളാണ് ഈ കൊച്ചു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഓരോ അരുംകൊലകളുണ്ടാകുമ്പോഴും കുറ്റം ഇരയുടെ തലയില്കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.