പുരാതന കാലം മുതല്‍ തന്നെ മിത്തുകളിലും മതങ്ങളിലുമെല്ലാം പ്രതിപാദിക്കുന്ന ജീവിയാണ് തേള്. ഈജിപ്ഷ്യന്‍ പുരാണത്തില്‍ ഇവയ്ക്ക് സവിശേഷമായ സ്ഥാനമാണുള്ളത്.
ഇവയുടെ മാരക വിഷവും മനുഷ്യര്‍ക്ക് പണ്ടുകാലം മുതല്അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം തേളിന്റെ വിഷം എന്നാണ്.
ഒരു ഗാലണിന് 39 മില്യണ്‍ ഡോളറാണ് തേള് വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളര്‍.
ശാസ്ത്രീയമായ കാരണങ്ങളാണ് തേള് വിഷം ഇത്ര മൂല്യമുള്ളതാകാന്‍ കാരണം. ചികിത്സാ രംഗത്ത് തേള് വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കാന്‍സര്‍ രോഗ നിര്‍ണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകള്‍ തേള് വിഷത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
തേള് വിഷത്തിലെ ക്ലോറോടോക്സിന്‍ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാന്‍സര്‍ സെല്ലുകളെ കണ്ടെത്താന്‍ കഴിയും.
ട്യൂമറുകളുടെ സ്ഥാനവും വലിപ്പവും നിര്‍ണയിക്കാനും ഇവയ്ക്ക് സാധിക്കും. മലേറിയ തുരത്തുന്നതിനും തേള് വിഷത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു.
ലൂപ്പസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്കും തേളിന്റെ വിഷം പരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, വെറും ഒരു തുള്ളി വിഷം മാത്രമാണ് ഒരു തേളില് നിന്നും ലഭിക്കുന്നത്.
തേളിന്റെ വാലറ്റത്തെ സഞ്ചിയിലാണ് വിഷം ശേഖരിച്ചു വയ്ക്കുന്നത്. ഇതും തേള് വിഷത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.
ഡെത്ത് സ്റ്റോക്കര്‍ ഇനത്തിലുള്ള തേളുകളില്‍ നിന്നാണ് ഇത്തരത്തില്‍ വിഷം കൂടുതലായി ശേഖരിക്കുന്നത്.
ഒറ്റ കുത്തിന് മനുഷ്യനെ കൊല്ലാന്‍ ശേഷിയുള്ളത്ര മാരക വിഷത്തിന് ഉടമയും ലോകത്തിലെ ഏറ്റവും അപകടകാരിയുമായ തേളാണ് ഡെത്ത് സ്റ്റോക്കര്‍.