ലണ്ടൻ: മിതാലി രാജ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സച്ചിൻ തെണ്ടുൽക്കർ… ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റിക്കാർഡ് ഇന്ത്യൻ വനിതാ ടീം നായിക മിതാലി രാജ് സ്വന്തമാക്കി. വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ മിതാലി റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ഷാർലെറ്റ് എഡ്വേർഡിന്റെ 5992 റണ്‍സ് എന്ന റിക്കാർഡാണ് ഇന്ത്യൻ താരം പഴങ്കഥയാക്കിയത്. 191 മത്സരങ്ങളിൽനിന്നാണ് ഇംഗ്ലീഷ് താരം ഇത്രയും റണ്‍സ് നേടിയത്. 16 ഇന്നിംഗ്സ് കുറച്ച് കളിച്ച മിതാലി 6,000 ക്ലബിലും കടന്നു.
6,000 റണ്‍സ് നേടുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന നേട്ടവും ഇനി മിതാലിക്ക് സ്വന്തം. 51.52 ശരാശരിയിലാണ് ഇന്ത്യൻ നായിക ഈ നേട്ടത്തിലേക്ക് ബാറ്റുവീശിയെത്തിയത്. ഈ വർഷം ഒന്‍പത് അർധ സെഞ്ചുറി മിതാലിയുടെ ബാറ്റിൽനിന്ന് പിറന്നു. ഒരു വർഷം ഏറ്റവും അധികം അർധ സെഞ്ചുറി നേടുന്ന താരമെന്ന റിക്കാർഡും ഇതുവഴി ഇവർ സ്വന്തമാക്കി.
1999ൽ അയർലൻഡിനെതിരേയായിരുന്നു ഇന്ത്യക്കായി മിതാലിയുടെ അരങ്ങേറ്റം. അന്ന് 114 റണ്‍സ് നേടി പുറത്താകാതെനിന്നു. പതിനാറാം വയസിലാണ് മിതാലി ഇന്ത്യക്കായി കന്നിസെഞ്ചുറി നേടിയത്. പതിനേഴ് വയസിനുള്ളിൽ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരമെന്ന റിക്കാർഡും ഇതോടെ സ്വന്തമായി.