ഹൂസ്റ്റൺ: മൂന്നു വയസുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മാർസി ടയ്ലറാണ് (36) അറസ്റ്റിലായത്.
ഞായറാഴ്ച നോർത്ത് ഗ്രാൻഡ് പാർക്ക്വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം.
സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയെ തനിയെ കാറിൽ കണ്ടെത്തി. മിനിറ്റുകൾക്കുള്ളിൽ അമ്മ തിരിച്ചെത്തി.
പോലീസ് ചോദ്യം ചെയ്തപ്പോൾ അഞ്ചു മിനിറ്റു മാത്രമാണ് കടയിൽ ചെലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി.
എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ 30 മിനിറ്റ് കുട്ടി കാറിൽ തനിച്ചായിരുന്നുവെന്നുന്നു കണ്ടെത്തുകയായിരുന്നു.
കുട്ടിക്ക് അപകടകരമാം വിധം കാറിൽ ഒറ്റക്കുവിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചത്.
ഇവർക്ക് 25,000 ഡോളറിന്റെ ജാമ്യം പിന്നീട് അനുവദിച്ചു. ടെക്സസിൽ ശക്തമായ ചൂട് ആരംഭിച്ചതിനാൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാറിനകത്തു കുട്ടികളെ തനിയെ വിടരുതെന്നും പോലീസ് പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.