ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ കൂടുതല്‍ സംശയങ്ങളുമായി അമ്മ സൈലമ്മ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് തന്റെ മകളുടെ മരണം ആത്മഹത്യയല്ലെന്ന വാദവുമായി അവര്‍ രംഗത്തെത്തിയിരിക്കുന്നത്. മിഷേലിന്റെ മരണം സ്വാഭാവികമായ ഒന്നാണെന്ന് ഈ കുടുംബം ഇപ്പോഴും വിശ്വസിക്കുന്നില്ല. മിഷേല്‍ മരിച്ചത് എങ്ങനെയെന്ന് അറിയാനുള്ള അവകാശം മാതാപിതാക്കളായ തങ്ങള്‍ക്കില്ലേ എന്ന് സൈലമ്മ കണ്ണീരോടെ ചോദിക്കുന്നു. മകള്‍ക്ക് നീതി കിട്ടുമെന്നാണ് തന്റെ ഇപ്പോഴുമുള്ള പ്രതീക്ഷയെന്നും അവര്‍ പറയുന്നു.
ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നിട്ടും മിഷേലിന്റെ വയറ്റില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. കായലില്‍ നിന്നും നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നത് പോലെയാണ് തോന്നിയതെന്നും സൈലമ്മ പറയുന്നു. കായലില്‍ ഇത്രയും നേരം കിടന്നിട്ടും അവളുടെ നിറം അല്പം പോലും മങ്ങിയുമിരുന്നിരുന്നില്ല. മാത്രമല്ല മിഷേലിന്റെ മൂക്കിന് താഴെ രണ്ട് നഖപ്പാടുകള്‍ ഉണ്ടായിരുന്നു. അതെങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയണമെന്നും മിഷേലിന്റെ അമ്മ ആവശ്യപ്പെടുന്നു.
മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. കലൂര്‍ പള്ളിയിലേക്കു പോയ മിഷേലിനെ പിറ്റേദിവസം കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മിഷേല്‍ ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിന്റെയും െ്രെകംബ്രാഞ്ചിന്റെയും ഇതുവരെയുള്ള വിലയിരുത്തല്‍. കൊലപാതകമെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന ക്രോണിന് അലക്സാണ്ടറിനെ വിട്ടയച്ചിരുന്നു. അതേസമയം സംഭവത്തില്‍ കൂടുതല്‍ പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കള്‍.