തിരുവനന്തപുരം പട്ടത്ത് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദ തീര്‍ത്ഥ സ്വാമിക്കു പിന്തുണയുമായി അമ്മ രംഗത്ത്. തന്റെ മകന് വെറും പാവമാണെന്നും എല്ലാം ചതിയാണെന്ന് അവര്‍ പറയുന്നു. പരോക്ഷമായെങ്കിലും വിരല്‍ ചൂണ്ടുന്നത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയാണ്. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ഭൂമി ഏറ്റെടുക്കല്‍ സമരത്തിലേക്കാണ് പരോക്ഷമായ സൂചനകള്‍. എന്നാല്‍ ഒന്നും വ്യക്തതയോടെ തുറന്നു പറയുന്നുമില്ല. എങ്കിലും ആരേയും ചതിക്കാത്ത മകനെ അമ്മയ്ക്ക് പൂര്‍ണ്ണ വിശ്വാസമാണ്. തന്റെ മകനെ കുടുക്കിയതാണെന്ന് ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ അമ്മ പറഞ്ഞു. ഒരു വനിതാ പോലീസ് ഓഫീസറാണ് തന്റെ മകനെ കുടുക്കിയതെന്നാണ് അവര്‍ പറയുന്നത്.
എന്റെ മകന് പാവമാണ്. അവന് ആരെയും ചതിക്കില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റം ചെയ്തെങ്കില്‍ ശിക്ഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികില്‍സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പടെ കുടുംബാംഗങ്ങളെല്ലാം പട്ടിമറ്റത്തെ വീട്ടിലും വരാറുണ്ട്. ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും ഒന്നിച്ച് പോകാറുണ്ട്. സംഭവങ്ങളില്‍ സജീവമായി ഇടപെടുന്ന മകനോട് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും വ്യക്തി വൈരാഗ്യമുണ്ട്. പെണ്‍കുട്ടിയുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ടത് ഇഷ്ടപ്പെടാത്തവരുമുണ്ടെന്ന് അമ്മ പറയുന്നു.
ഭര്‍ത്താവ് ഗോപാലകൃഷ്ണന് മരിച്ചത് ആറ് മാസം മുമ്പാണ്. അതിനു ശേഷം പലവട്ടം തന്നെ കാണാന്‍ മകന് വന്നു. സംഭവത്തിന് നാല് ദിവസം മുമ്പും എത്തിയിരുന്നു. സാമ്പത്തികമായി തകര്‍ന്ന തങ്ങളുടെ കുടുംബത്തെ സഹായിക്കാന്‍ ഹരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആറ് മക്കളില്‍ രണ്ടാമനാണ് സ്വാമി. മൂത്തയാള്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്. മൂന്നാമത്തെയാളാണ് ഹോട്ടലുകള്‍ നടത്തുന്നത്. തൊട്ട് താഴെയുള്ളയാള് ഓട്ടോറിക്ഷ ഡ്രൈവറാണ്. പിന്നെ, രണ്ട് പെണ്മക്കളും. ഹോട്ടലുകള്‍ ഹരി ഏറ്റെടുത്തത് സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാണ്. കടക്കെണിയില്‍ നിന്ന് കയറാന്‍ കുടുംബ സ്വത്ത് മിക്കവാറും വിറ്റു കഴിഞ്ഞുവെന്നും സ്വാമിയുടെ അമ്മ പറയുന്നു.