ബ്രസീലിലെ ഒരു ഒറ്റപ്പെട്ട ദ്വീപാണ് ഫെർനാൻഡോ ഡി നൊറോന. 3,000നു താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. യാതൊരുവിധ വികസനവും കടന്നുവരാത്ത ഇവിടെ നല്ല ഒരു ആശുപത്രിപോലുമില്ല. അതുകൊണ്ടുതന്നെ ഈ ദ്വീപിൽ ഒരു അലിഖിത നിയമമുണ്ട്.
സ്ത്രീകൾക്ക് പ്രസവിക്കണമെങ്കിൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ദ്വീപിൽനിന്ന് 365 കിലോമീറ്റർ അകലെയുള്ള നതാൽ എന്ന സ്ഥലത്തെ ആശുപത്രിയിൽ ചെല്ലണം.
മണിക്കൂറുകൾ കടലിലൂടെ യാത്രചെയ്തുവേണം അവിടെ എത്താൻ. അവിടെ എത്തി പ്രസവം നടത്തിയെങ്കിൽ മാത്രമെ കുഞ്ഞിന് ജനനസർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു.എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഫെർനാൻഡോ ഡി നെറോനയിൽ കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞു ജനിച്ചു. 12 വർഷത്തിനു ശേഷമാണ് ഈ ദ്വീപിൽ ഒരു പ്രസവം നടക്കുന്നത്.
ഇവിടെയുള്ള ഒരു സ്ത്രീ തന്റെ വീട്ടിൽവച്ചുതന്നെ പ്രസവിക്കുകയായിരുന്നു. താൻ ഗർഭിണിയായിരുന്നു എന്ന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ഈ യുവതി അധികൃതർക്ക് നൽകിയിരിക്കുന്ന മൊഴി. കുഞ്ഞിന്റെ ജനനം തികച്ചും അപ്രതീക്ഷിതമായിരുന്നെന്നും അതുകൊണ്ടാണ് ആശുപത്രിയിൽ പോകാതിരുന്നതുമെന്നാണ് ഇവർ പറയുന്നത്.
ഏതായാലും 12 വർഷത്തിന് ശേഷം ദ്വീപിൽ ജനിച്ച ഈ പെൺകുഞ്ഞിനെ ഒരു അദ്ഭുത ശിശുവായാണ് നാട്ടുകാർ കാണുന്നത്.