മുംബൈ: മുംബൈയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് വീണ് മരണപ്പെട്ടത് അമ്മയും മകളും. ഷമ ഷെയ്ഖ് (29) മകൾ ആയത് (8) എന്നിവരാണ് മരണപ്പെട്ടതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ആയതിനെ സ്കൂളിൽ നിന്ന് വിളിച്ചു കൊണ്ട് വരുമ്പോൾ ജോഗേശ്വരി ഈസ്റ്റിൽ ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സംഭവമുണ്ടായത്.
പണി നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് പൈപ്പ് താഴെ നടന്നുവരികയായിരുന്ന ഷമയുടെയും ആയതിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു.
അതുവഴി പോവുകയായിരുന്ന ഓട്ടോ റിക്ഷയും താഴേക്ക് പതിച്ച ഇരുമ്പ് പൈപ്പ് തകർത്തു. അശ്രദ്ധയ്ക്ക് ഉടൻ കേസെടുക്കുമെന്ന് ജോഗേശ്വരി പൊലീസ് അറിയിച്ചു.
നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ആവശ്യകതകൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ രൂപീകരിക്കാൻ ബോംബെ ഹൈക്കോടതി ബിഎംസിയോട് നിർദ്ദേശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവമുണ്ടായിട്ടുള്ളത്. ഷമയും ഭർത്താവ് ആസിഫും പ്രതാപ് നഗറിലാണ് താമസിക്കുന്നത്.
മകൾ ആയതിനെ കൂടാതെ ഇരുവർക്കും നാല് വയസുകാരനായ ഒരു മകൻ കൂടിയുണ്ട്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആയത്തിനെ കൂട്ടിക്കൊണ്ടുവരാൻ ഷമ ദിവസവും സ്കൂളിലേക്ക് നടന്നു പോകാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു.
ശനിയാഴ്ച സ്റ്റേഷൻ റോഡിലെ നിർമാണത്തിലിരിക്കുന്ന എയിം പാരഡൈസ് കെട്ടിടത്തിന്റെ സമീപത്ത് കൂടെ ഇരുവരും കടന്നുപോകുമ്പോഴാണ് പൈപ്പ് വീണത്.
രക്തത്തിൽ കുളിച്ച് നിലയിലായിരുന്നു ഇരുവരുമെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോ ഡ്രൈവർമാർ ഇരുവരെയും ബാലാസാഹെബ് താക്കറെ ട്രോമ കെയർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.