പുനലൂർ: മദ്യപിക്കാൻ പണം നൽകാത്തതിന് മാതാവിന്റെ ദേഹത്ത് ചുട് വെള്ളമൊഴിക്കുകയുംകല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുവാനും ശ്രമിച്ച മകൻ പിടിയിൽ. കരവാളൂർ വെഞ്ചേമ്പ് വാഴവിള ഗ്രേസിംഗ് വില്ലയിൽ തോമസിന്റെ ഭാര്യ ഗ്രേസി (60)ക്കാണ് മകൻ രാജന്റെ(45 ) ക്രൂര മർദനമേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വാർധക്യകാല പെൻഷൻ ലഭിച്ച പണവുമായി വീട്ടിലെത്തിയ ഗ്രേസി കാപ്പിയിടുന്നതിനായി വെളളം തിളപ്പിക്കുമ്പോഴാണ് ഇയാൾ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ അടുപ്പത്തിരുന്ന ചുട് വെള്ളമെടുത്ത് മാതാവിന്റെ ദേഹത്തൊഴിക്കുകയും പുറത്തിറങ്ങി കല്ലെടുത്ത് കൊണ്ട് വന്ന് തലക്കും മുഖത്തും ഇടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പുനലൂർ എസ്ഐ രാജീവിന്റെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് രാജനെ പിടികൂടിയത്. പരിക്കേറ്റ ഗ്രേസി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയതു.