എന്റെ അമ്മ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്.
വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു. എന്റെ അച്ഛന് വിദേശത്തായിരുന്നു.
അതുകൊണ്ടുതന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്കുതന്നെയാണ് നോക്കിയത്. അന്നത്തെക്കാലത്ത് ഫോണില്‍ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
അപ്പോഴൊക്കെ പല നിര്‍ണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്കുതന്നെയാണെടുത്തത്. മുത്തശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റമ്മയാണ്.
ഹിന്ദുമതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്കു ബോള്‍ഡായിരുന്നു അമ്മ. -അശ്വതി ശ്രീകാന്ത്