ന്യൂഡൽഹി: അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് വെളിപ്പെടുത്തുമെന്ന് പറഞ്ഞ ആറു വയസുകാരിയെ അമ്മ കാമുകനെ കൂട്ടുപിടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് ഡൽഹിയിലെ ഗാസിയാപുരിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കേസിൽ 29 വയസുകാരിയായ അമ്മയെയും കാമുകന് സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ആൺമക്കളുടെ അമ്മ കൂടിയാണ് യുവതി.
അച്ഛൻ വീട്ടിലില്ലാത്ത തക്കം നോക്കിയെത്തിയ കാമുകനുമായി അമ്മ സമയം ചെലവിടുന്നത് പെൺകുട്ടി കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരുതാത്ത സാഹചര്യത്തിൽ കണ്ടതിനെ കുറിച്ച് അച്ഛനോട് വെളിപ്പെടുത്തുമെന്ന് പെൺകുട്ടി പറഞ്ഞതോടെ കൊല ചെയ്യുകയായിരുന്നു. ഇതേത്തുടർന്നു മറ്റുള്ളവരെ തെറ്റുധരിപ്പിക്കാൻ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.
തെരച്ചിലിനൊടുവിൽ സമീപമുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹവും കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.