വാരണാസി: പല വാർത്തകളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അവയിൽ ചിലത് നമ്മെ സങ്കടപ്പെടുത്തുന്നതാകാം. ചിലത് പൊട്ടിചിരിപ്പിക്കുന്നതാകാം. ചിലത് ചിന്തിപ്പിക്കുന്നവയും ഉണ്ടാകാം. ഇപ്പോഴിതാ വാരണാസിയിൽ നിന്നുള്ള ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്നത്.
മാതാവിന്റെ തണൽ ജീവിച്ചിരുന്ന മക്കൾക്ക് പെട്ടെന്ന് അവരുടെ അമ്മ നഷ്ടപ്പെടുന്ന വേദന താങ്ങാവുന്നതിലും അപ്പുറമായിരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മരണപ്പെട്ട ഉഷ തൃപാതി (52) എന്ന സ്ത്രീയുടെ മൃതദേഹം മക്കളായ പല്ലവി തൃപാതി (27), വൈഷ്വിക് തൃപാതി (18) എന്നിവർ മറവു ചെയ്യാൻ പണം ഇല്ലാത്തതിനാൽ വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഒരാഴ്ചയായി ഇവരുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍വാസികൾ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി കതക് തള്ളി തുറന്നപ്പോൾ മൃതദേഹത്തിനു കാവലിരിക്കുന്ന പെണ്മക്കളെയാണ് കണ്ടത്.
വാരണാസിക്കടുത്ത് ലങ്ക ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ലങ്കാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകാന്ത് മിശ്ര പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ലക്ഷ്യങ്ങളൊന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമെ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കുകയുള്ളു എന്നും പോലീസ് പറഞ്ഞു.
അമ്മ അസുഖം മൂലമാണ് മരിച്ചതെന്നു മക്കൾ പറഞ്ഞു. മരണ വിവരം എന്തുകൊണ്ട് മറ്റുള്ളവരെ അറിയിച്ചില്ലെന്ന് ചോദിച്ചപ്പോൾ തങ്ങള്‍ക്ക് പണമോ സ്വത്തോ ഇല്ലെന്നും മറുപടി പറഞ്ഞു. പെൺമക്കൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് വ്യക്തമാക്കി. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം ടെറസിലേക്ക് പോകുമായിരുന്നെന്നും പെൺകുട്ടികൾ പറഞ്ഞു.
ഇരുവരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് ഇൻസ്പെക്ടർ ശിവകാന്ത് മിശ്ര പറഞ്ഞു. രണ്ടു വര്‍ഷം മുൻപ് ഉഷയെയും മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവ് പോയി. അയാളെ കുറിച്ച് ഒരറിവുമില്ല. ഉഷയായിരുന്നു മക്കളുടെ കാര്യങ്ങൾ നോക്കിയിരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.