പ്രിയപ്പെട്ടവർ മരണപ്പെട്ട് കഴിഞ്ഞാൽ, അവർ ജീവിച്ചിരുന്ന കാലത്ത് ഏറ്റവുമധികം ആഗ്രഹിച്ചതെന്താണോ അത് നടപ്പാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. അവരുടെ ഓർമയ്ക്കായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുക പാവപ്പെട്ടവർക്ക് ധനസഹായങ്ങൾ നൽകുക എന്നിങ്ങനെയുള്ള കാര്യങ്ങളും അതിൽപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ തന്റെ മകൾ മരണപ്പെട്ടപ്പോൾ അവളുടെ ഓർമ്മയ്ക്കായി ഒരമ്മ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്.
സർക്കാരിന് ഏഴുകോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ഈ അമ്മ മകളുടെ ഓർമയ്ക്കായി നൽകിയത്. മധുര സ്വദേശിയായ പൂരണം എന്ന ആയി അമ്മാൾ ഒരേക്കർ 52സെന്റ് സ്ഥലമാണ് സർക്കാരിന് സൗജന്യമായി കൈമാറിയത്. സ്കൂൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവർ ഭൂമി നൽകിയിരിക്കുന്നത്. തന്റെ മകൾ പിന്നോക്കം നിൽക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, അവൾക്കുള്ള ആദരവായിക്കൂടിയാണ് പൂരണം സ്ഥലം വിട്ടുനൽകിയിരുന്നത്.
പൂരണം കാനറ ബാങ്കിലെ ക്ലർക്കായി ജോലി ചെയ്യുകയാണ്. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവർ തന്റെ സ്കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിന് നൽകുകയായിരുന്നു. ഹൈസ്കൂളായി സ്കൂൾ വികസിപ്പിക്കാനായിട്ടാണ് ഭൂമി നൽകിയിരിക്കുന്നത്.
ഒരേയൊരു അപേക്ഷ മാത്രമാണ് പൂരണത്തിന് ഭൂമി വിട്ടുനൽകുമ്പോൾ ഉണ്ടായിരുന്നത്. അത് തന്റെ മകളുടെ പേര് നൽകണമെന്നായിരുന്നു. രണ്ട് വർഷം മുൻപാണ് ഇവരുടെ മകൾ ജനനി മരിച്ചത്. എന്നാൽ ഭൂമി സ്കൂളിനായി എഴുതി നൽകിയ വിവരം പൂരണം ആരോടും പറഞ്ഞിരുന്നില്ല. ചീഫ് എജ്യുക്കേഷണൽ ഓഫീസർ കെ കാർത്തിഗയ്ക്ക് രേഖകൾ കൈമാറിയ ശേഷം മധുര എംപി എസ്. വെങ്കിടേശൻ, വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി എന്നിവരുൾപ്പെടെ അനവധിപ്പേർ അഭിനന്ദനങ്ങൾ അറിയിച്ചതോടെയാണ് ഇക്കാര്യം ജനങ്ങൾ അറിഞ്ഞത്.
പൂരണത്തിന്റെ ജീവിതം ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോയത്. ജനനി കുഞ്ഞായിരിക്കുമ്പോഴാണ് ഇവരുടെ ഭർത്താന് മരിക്കുന്നത്. തുടർന്ന് ഭർത്താവിന്റെ ജോലി തനിക്ക് ലഭിച്ചെങ്കിലും മകളെ വളർത്തുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടായി. ബികോം വിദ്യാർഥിയായിരുന്ന ജനനി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. തുടർന്ന് തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു നൽകിയിരുന്നു.
പാരമ്പര്യമായി തന്റെ അച്ഛനിൽ നിന്ന് കിട്ടിയ സ്ഥലമാണ് ഇപ്പോൾ പൂരണം സ്കൂളിന്റെ വികസനത്തിനായി വിട്ടുനസൽകിയിരിക്കുന്നത്. പിന്നാലെ പൂരണത്തെ അഭിനന്ദിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുന്നോട്ട് വന്നിരുന്നു. റിപ്പബ്ലിക് ഡേയിൽ പ്രത്യേകം പാരിതോഷികം നൽകി പൂരണത്തെ അഭിനന്ദിക്കും എന്നും സ്റ്റാലിൻ വ്യക്തമാക്കി.