ഗസൂൺജി
തൃശൂർ: നൂറാളെ ഉൗട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്ന വാക്യം ഹൃദയത്തിലേറ്റെടുത്ത് വിശക്കും വയറുകൾക്ക് അന്നമൂട്ടി ആറാം മാസത്തിലേക്ക് കടക്കുകയാണ് വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ്. തിമർത്തു പെയ്യുന്ന മഴയിൽ തെരുവിൽ അലയുന്നവർക്കും അനാഥർക്കും ഭക്ഷണം നൽകുന്ന പുണ്യപ്രവൃത്തി കഴിഞ്ഞ അഞ്ചുമാസമായി ഇവർ ചെയ്യുന്നു.
തൃശൂർ പഴയ പട്ടാളം മാർക്കറ്റിലെ ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള ഫുട്പാത്തിലാണ് ഇവർ കഞ്ഞിവിതരണം ചെയ്യുന്നത്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് കഞ്ഞിവിതരണം. നേരത്തെ പൊതിച്ചോറാണ് ഇവർ നൽകിയിരുന്നത്. എന്നാൽ പൊതിച്ചോർ നൽകുന്പോൾ അവശിഷ്ടം വലിച്ചെറിയുന്നതും ചോറും കറികളും പാഴാക്കിക്കളയുന്നതും ശ്രദ്ധയിൽ പെട്ടതോടെയാണ് ഇവർ കഞ്ഞിവിതരണത്തിലേക്ക് മാറിയത്.
വടൂക്കരയിലെ വീട്ടിൽ തയ്യാറാക്കുന്ന ചുടു കഞ്ഞിയും അച്ചാറും മോരും ഉപ്പേരിയും രാവിലെ പതിനൊന്നോടെ വണ്ടിയിൽ പട്ടാളം മാർക്കറ്റിലെത്തിക്കും. ഫുട്പാത്തിൽ കെട്ടിയ ഷെഡിനകത്ത് ബഞ്ചുകളും മേശയുമുണ്ട്. ഇരുന്ന് കഞ്ഞികുടിക്കാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ദിവസേന ഇരുനൂറോളം പേർ ഇവിടെ കഞ്ഞി കുടിക്കാനെത്തുന്നുണ്ട്.
തെരുവിന്റെ മക്കൾക്ക് പുറമെ പലപ്പോഴും നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും ഫുട്പാത്ത് കച്ചവടക്കാരും ശക്തൻ മാർക്കറ്റിലെ തൊഴിലാളികളുമെല്ലാം ഇവിടെയെത്തി കഞ്ഞികുടിക്കാറുണ്ട്.ദിവസവും ഇരുപത് കിലോയോളം അരിയുടെ കഞ്ഞി തയ്യാറാക്കാറുണ്ട്. ആറായിരം രൂപയോളം ചിലവ് ഓരോ ദിവസവും ഉണ്ടെന്നും മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ പറഞ്ഞു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ട്രസ്റ്റിലുള്ളത്.
ജോലിക്കിടയിൽ സമയം കണ്ടെത്തി ഇവർ വടൂക്കരയിലെത്തി കഞ്ഞിയും കറികളും പാചകം ചെയ്യാനും വിതരണം ചെയ്യാനുമൊക്കെ സഹായികളാകുന്നു. പാവപ്പെട്ട വിദ്യാർഥികൾക്ക് പഠന സഹായം നൽകിയും സൗജന്യ രക്തദാനം നടത്തിയും വൃദ്ധർക്ക് പകൽവീട് സംരക്ഷണം നൽകിയും വസ്ത്രങ്ങൾ ശേഖരിച്ച് അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുത്തുമെല്ലാം മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് സേവനപാതയിലാണ്.