അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ റെക്ടറായിരുന്ന ഫാ.സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊലപ്പെടുത്തിയ മുന്‍ കപ്യാര് ജോണിയുടെ കുടുംബത്തോട് ക്ഷമിച്ച് വൈദികന്റെ അമ്മ ത്രേസ്യാമ്മ പോള്‍ ക്രൈസ്തവ സാക്ഷ്യമാകുന്നു.
ഫാ. തേലക്കാട്ടിനെ മലയാറ്റൂര്‍ മലയില്‍ വച്ചു കുത്തിക്കൊന്ന മുന്‍ കപ്യാര് ജോണി വട്ടപ്പറമ്പന്റെ മലയാറ്റൂര്‍ തേക്കുംതോട്ടത്തിലുള്ള വീട്ടില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെ എത്തിയ ത്രേസ്യാമ്മ അദ്ദേഹത്തിന്റെ ഭാര്യ ആനിയെ സ്നേഹപൂര്‍വം കെട്ടിപ്പിടിച്ച കാഴ്ച ആരുടെയും കരളലയിക്കുന്നതായിരുന്നു.
ത്രേസ്യാമ്മയുടെ കാല്ക്കല് വീണു കെട്ടിപ്പിടിച്ച ആനി തങ്ങളോടു മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചു. ആനിയെ എഴുന്നേല്‍പ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമര്‍പ്പിക്കുവെന്നും തന്റെ മകനെ കൊന്ന ജോണിയോടു താന്‍ ക്ഷമിച്ചെന്നും കണ്ണീര് വാര്‍ത്തുകൊണ്ട് അറിയിച്ചു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയില്‍ ചുംബിച്ചു. കുറച്ചുസമയം പരസ്പരം സംസാരിച്ചു.
മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സഹോദരന് സെബാസ്റ്റ്യന്‍ പോള്‍, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ. സേവ്യര്‍ (ബിജു) തേലക്കാട്ട്, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തിയശേഷമാണ് അമ്മ മടങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഫാ. തേലക്കാട്ട് കൊല്ലപ്പെട്ടത്. പ്രതി ജോണി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ ഘാതകനോടു സഭാസമൂഹം മുഴുവന്‍ മാപ്പു നല്‍കുന്നുവെന്ന് അദ്ദേഹത്തിന്റെ സംസ്കാരശുശ്രൂഷകള്ക്കിടയില് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞിരുന്നു.