പബ്ജി കളിയിലൂടെ പരിചയത്തിലായ തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്.
മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പോലീസ് കണ്ടെത്തിയത്.
ഇവര്ക്കെതിരെ ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്ഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള് മലപ്പുറം താനൂര് പോലീസില് നല്കിയത്.
മൊബൈല് ഫോണ് കേന്ദ്രീകരിച്ചുള്ള പരിശോധനയില് യുവതി തമിഴ്നാട്ടിലേക്ക് കടന്നെന്നു പോലീസ് കണ്ടെത്തി.
എന്നാല് പിന്നീട് ഫോണ് സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില് ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.
യുവതി പബ്ജി ഉള്പ്പെടെയുള്ള ഓണ്ലൈന് ഗെയിമുകള്ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പബ്ജി വഴിയാണ് തമിഴ്നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയില് ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു.
പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര് കടന്നത്. പിഞ്ചു കുട്ടികളെ ഉപേക്ഷിച്ച് പോയതിന് 28 വയസുകാരിയായ യുവതിക്കെതിരെ പോലീസ് ജുവനൈല് ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു.
താനൂരില് തിരിച്ചെത്തിച്ച യുവതിയെ മജിസ്ട്രെറ്റിനു മുന്നില് ഹാജരാക്കി റിമാന്ഡ് ചെയ്തു.