എത്ര വലിയ ആപത്തിലും ആദ്യാവസാനം കൂടെനില്‍ക്കാന്‍ അമ്മ മാത്രമെ കാണുകയുള്ളു എന്ന് പറയാറുണ്ട്. അതിനെ ന്യായീകരിക്കുന്ന ഒരു സംഭവമാണ് മഹാരാഷ്ട്രയിലെ ചാഫ്യാച്ചപ്പഡെയിലെ ആരെയില്‍ നടന്നത്. അവിടെ ഒരമ്മ ചെയ്തത് ചില്ലറക്കാര്യമൊന്നുമല്ല. മൂന്നുവയസ്സുകാരനായ മകനെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ആ അമ്മ ചെയ്തത്. പ്രമീള രിന്‍ജിദ് എന്നാണ് ആ ധീരയായ അമ്മയുടെ പേര്.
കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. പ്രാഥമികകൃത്യം നിര്‍വഹിക്കാനായി പുറത്തേക്കിറങ്ങിയ പ്രമീളയുടെ ഒപ്പം മകന്‍ പ്രണോയും രാത്രിയില്‍ പുറത്തേക്കിറങ്ങി. എന്നാല്‍ പ്രമീള ഇതറിഞ്ഞിരുന്നില്ല. പുറത്ത് താത്കാലികമായി നിര്‍മിച്ച ശൗചാലയത്തില്‍ നിന്ന് പുറത്തു വന്നപ്പോഴാണ് കുറച്ചുദൂരെയായി മകന്‍ നില്‍ക്കുന്നത് പ്രമീള കണ്ടത്. മകന്റെ അടുത്തേക്ക് പ്രമീള എത്തുന്നതിന് മുമ്പേ എവിടെ നിന്നോ ചാടി വീണ ഒരു പുള്ളിപ്പുലി പ്രണയിനെ ആക്രമിച്ചു. ‘ഞാന്‍ സഹായത്തിനായി ഉറക്കെ നിലവിളിച്ചു. മകനെ രക്ഷപ്പെടുത്താനായി ഞാന്‍ പുലിയുടെ നേര്‍ക്ക് ഓടി. എന്നെ കണ്ട് പുലി കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് കാടിനുള്ളിലേക്ക് ഓടി മറഞ്ഞു’. പ്രമീള പറയുന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ പ്രണയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് പൊതുശൗചാലയങ്ങള്‍ ഇല്ലാത്തതും തെരുവു വിളക്കിന്റെ അഭാവവുമാണ് കുട്ടിയെ പുലി ആക്രമിക്കാന്‍ ഇടയായ സംഭവത്തിലേക്ക് നയിച്ചതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ‘നാനൂറോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ആകെയുള്ളത് നാല് പൊതുശൗതാലയങ്ങളും. വീടുകളില്‍ നിന്ന് 200-300 മീറ്റര്‍ അകലെയാണ് അവ സ്ഥിതി ചെയ്യുന്നതും. തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി അവിടേക്ക് ആളുകള്‍ പോകാറില്ല. പകരം വീടിനു സമീപത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കും. ഇത്തരത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് പ്രമീളക്കും മകനും ദുരനുഭവമുണ്ടായത്’- ഗ്രാമവാസികള്‍ പരയുന്നു.