നവജാതശിശുവിനെ സുഹൃത്തിന്റെ വീട്ടില്‍ നോക്കാനേല്‍പിച്ച ശേഷം മുങ്ങി അമ്മ. ചികിത്സയ്‌ക്കെന്നു പറഞ്ഞായിരുന്നു കുഞ്ഞിന്റെ മാതാവിന്റെ മുങ്ങല്‍. സംഭവത്തെക്കുറിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം തുടങ്ങി.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നെടുങ്കണ്ടം മേഖലയിലെ ഒരു വീട്ടില്‍ ഒരു മാസത്തോളമായി നവജാതശിശുവിന്റെ സാന്നിധ്യം നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു.
ശിശുവിന് അഞ്ചു ദിവസം പ്രായമുള്ളപ്പോഴാണ് അവിടെ എത്തിച്ചതത്രേ. ശിശുവിനെ പരിപാലിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതര്‍ ഭവനസന്ദര്‍ശനത്തിനിടെ ശ്രദ്ധിച്ചിരുന്നു.
ആരോഗ്യവകുപ്പ് ശിശുസംരക്ഷണ വിഭാഗത്തിനു നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണത്തിനെത്തിയത്. അന്വേഷിക്കാനെത്തിയ സംഘം നവജാതശിശുവിന്റെ മാതാവുമായി സംസാരിച്ചു.
ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മടങ്ങിയെത്തിയ ശേഷം കുട്ടിയെ ഏറ്റെടുക്കുമെന്നുമാണ് നവജാതശിശുവിന്റെ മാതാവ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത്.
യുവതിയുടെ ഭര്‍ത്താവും മറ്റു രണ്ടു കുട്ടികളും വിദേശത്താണ്. കുട്ടിയെ നോക്കുന്നവരോടും ശിശുവിന്റെ മാതാവിനോടും ഹാജരാകാനും നവജാതശിശുവിനെ ഹാജരാക്കാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി.