ഒരു ലക്ഷം രൂപയ്ക്ക് അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റ 15 വയസുള്ള പെണ്‍കുട്ടിയെ ഡല്‍ഹി വനിതാ കമ്മീഷനും പോലീസും അയല്‍വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് മകളെ അമ്മ വിറ്റത്. ഒരു വയസ്സുള്ള ഇളയ മകനെയും ഒരു മാസം മുന്‍പ് അമ്മ വിറ്റതായി മകള്‍ മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ ഞായറാഴ്ച വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ബദാര്‍പുരിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് എന്നും പറഞ്ഞ് അമ്മ മകളെ കൂട്ടിക്കൊണ്ടുപോയിരുന്നു.
എന്നാല്‍ നിസാമുദ്ദീനിലുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അമ്മ തന്നെ അവിടെ ഉപേക്ഷിച്ച് പോയി. ഒരാള്‍ വന്ന് തന്നെ അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വേറെയും പെണ്‍കുട്ടികളുണ്ടായിരുന്നു. വിവാഹ വസ്ത്രം നല്‍കിയിട്ട് ഉടന്‍ ഒരുങ്ങിയിരിക്കാന്‍ അവര്‍ തന്നോട് ആവശ്യപ്പെട്ടു. തന്നെ അമ്മ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതാണെന്ന് അവരാണ് തന്നോട് പറഞ്ഞതെന്നും കൗമാരക്കാരി മൊഴി നല്‍കിയതായി വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
സംഘത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി ഭാവനയിലുള്ള തന്റെ അയല്‍വാസികളുടെ അടുത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അവര്‍ വിവരം വനിതാ കമ്മീഷന് കൈമാറുകയും പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. അമ്മയ്ക്കും രണ്ടാനച്ഛനും നാല് സഹോദരങ്ങള്‍ക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അമ്മയ്ക്ക് വലിയ കടമുണ്ടെന്നും അതു വീട്ടുന്നതിനാണ് തന്നെ വിറ്റതെന്നും പെണ്‍കുട്ടി പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.