മാവേലിക്കര: മകളെ കൊന്നതിന് ശേഷം ആൺസുഹൃത്തിന് സന്ദേശം അയച്ച് അമ്മ. ‘മോളു മരിച്ചു, ഞാൻ കൊന്നു, എന്റെ മോളെ, വിളിക്കൂ, നമ്മുടെ മോളു പോയി അജുവേ, മോളു പോയി, മോൾ…’ തന്റെ പതിനൊന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ അമ്മ ആൺസുഹൃത്തിന് അയച്ച സന്ദേശമാണിത്.
ശിഖന്യ എന്ന പെൺകുഞ്ഞിനെ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിച്ച സംഭവത്തിൽ, കുട്ടിയെ കൊലപ്പടുത്തിയതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കുഞ്ഞിന്റെ അമ്മ കോട്ടയം കാഞ്ഞിരംപത്തിൽ ശിൽപയെ(29)യെ പോലീസ് അറസ്റ്റ് ചെയ്തത്.
മാവേലിക്കരയിലെ വാടകവീട്ടിൽ വച്ച് ശനിയാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെങ്കിലും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ആന്തരാവയവ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്.
അതേസമയം, തനിക്ക് ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുന്നതിനാലാണ് കൊലപ്പെടുത്തിയതെന്ന് ശിൽപ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം വാടകയ്ക്കെടുത്ത കാറിൽ മൃതദേഹവുമായി മുൻപ് കൂടെ താമസിച്ചിരുന്ന യുവാവിനെ തേടി ശിൽപ ഷൊർണൂരിലെത്തിയിരുന്നു. അന്നേ ദിവസം പുലർച്ചെ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് പറഞ്ഞുള്ള സന്ദേശം ശിൽപ യുവാവിന് അയയ്ക്കുകയും ചെയ്തു. ഇത് കേസിൽ നിർണായക തെളിവായി.
ശനിയാഴ്ച രാവിലെ യുവാവ് ജോലി ചെയ്യുന്ന ഷൊർണൂരിലെ തിയറ്ററിലെത്തി ശിൽപ കുഞ്ഞിനെ നിലത്തുവച്ച് ബഹളം ഉണ്ടാക്കിയിരുന്നു. തുടർന്ന് പോലീസിനെ അറിയിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ നിർദേശിച്ചു. എന്നാൽ മണിക്കൂറുകൾക്ക് മുൻപേ കുഞ്ഞ് മരിച്ചുവെന്നാണ് ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കണ്ടെത്തിയത്.
പിന്നാലെ പോലീസ് സ്ഥലത്തെത്തി ശിൽപയെ കസ്റ്റഡിയിലെടുത്തു. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഇടയ്ക്ക് സമ്മതിച്ച യുവതി പിന്നീട് ഇത് മാറ്റിപ്പറയുകയും ചെയ്തു. ഒടുവിൽ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെയാണു മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്. സംഭവത്തിൽ മാവേലിക്കര കോട്ടയ്ക്കകത്തുള്ള വാടകവീട്ടിൽ ശിൽപയെ എത്തിച്ചു ഷൊർണൂർ പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.