വിവാഹം കഴിക്കാൻ താൽപര്യമില്ലാത്ത മക്കളെ ഏത് വിധേനയും വിവാഹത്തിന് സമ്മതിപ്പിക്കുവാനായി മാതാപിതാക്കൾ പല അടവുകളും പയറ്റാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആത്മഹത്യാഭീഷണി. ഈ ഭീഷണിക്കു മുന്നിൽ അടിയറവ് പറഞ്ഞ് വിവാഹത്തിന് സമ്മതിക്കുന്ന മക്കൾ സമൂഹത്തിൽ നിരവധിയാണ്. മക്കൾ വിവാഹം കഴിച്ചില്ലെങ്കിൽ ഈ സമൂഹത്തിൽ തന്നെ തങ്ങളുടെ വിലപോകും എന്നാണ് ഒട്ടുമിക്ക മാതാപിതാക്കളുടെയും ധാരണ.
വിവാഹത്തെ കുറിച്ചുള്ള മക്കളുടെ സങ്കല്പങ്ങളെന്താണെന്നുപോലും അച്ഛനമ്മമാർ ചോദിക്കുന്നില്ലെന്നാണ് സത്യം. മാനസികമായും സാമ്പത്തികമായുമുള്ള തയാറെടുപ്പുകൾ എടുക്കാനുള്ള സമയംപോലും ചില മാതാപിതാക്കൾക്ക് നൽകാറില്ല. എന്നാൽ ഇങ്ങനെ മകനെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് പണി വാങ്ങിയിരിക്കുകയാണ് ഒരമ്മ. ചൈനയിലെ വെൻഷൗവിലാണ് സംഭവം. എന്തായാലും ഈ സംഭവത്തോടെ മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് വിവാഹിതരാവേണ്ടി വരുന്ന യുവാക്കളെ കുറിച്ചുള്ള വൻതോതിലുള്ള ചർച്ച ചൈനീസ് സോഷ്യൽ മീഡിയകളിൽ നടക്കുകയാണ്.
അമ്മയുടെ സമ്മർദ്ദത്തെ തുടർന്ന് സിയോജിൻ എന്ന യുവാവിനാണ് വിവാഹം കഴിക്കേണ്ടി വന്നത്. സിയോജിന് 30 വയസ് തികഞ്ഞപ്പോഴേക്കും വിവാഹം കഴിക്കാൻ അവനെ അമ്മ നിർബന്ധിച്ച് തുടങ്ങിയിരുന്നു. പിന്നീട് അത് ആത്മഹത്യാ ഭീഷണിയിലേക്കും എത്തി. അവസാനം പേടിച്ച് മകൻ വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ തന്റെ അമ്മയുടെ ആത്മഹത്യാഭീഷണിയെ തുടർന്ന് വിവാഹിതനായ മകന് പങ്കാളിയോട് സംസാരിക്കാനോ അടുത്തിടപെഴകാനോ സാധിച്ചില്ല. പരസ്പരം മനസിലാക്കാതെ ജീവിച്ച ഇവർക്കിടയിൽ പിന്നീട് വഴക്കും പതിവായി ഒടുവിൽ ആറ് മാസത്തിന് ശേഷം വിവാഹമോചിതരായി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത്തരത്തിൽ മാതാപിതാക്കളുടെ നിർബന്ധത്തിൽ വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന നിരവധിപേരാണ് സമാന അനുഭവങ്ങൾ പങ്കുവച്ചെത്തിയത്.