അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയോടുള്ള സംഘപരിവാറിന്റെ എതിർപ്പും വിദ്വേഷവും മദർ ജീവിച്ചിരുന്ന കാലത്തുതന്നെ കുപ്രസിദ്ധമാണെന്നു ലേഖനം.
ദീപികയിൽ റോണി കെ. ബേബി എഴുതിയ ലേഖനത്തിലാണ് മദർ തെരേസയോടുള്ള സംഘപരിവാറിന്റെ വിദ്വേഷത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത്. ലേഖനത്തിന്റെ പൂർണരൂപം താഴെ:
അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസയോടുള്ള സംഘപരിവാറിന്റെ എതിർപ്പും വിദ്വേഷവും മദർ ജീവിച്ചിരുന്ന കാലത്തുതന്നെ കുപ്രസിദ്ധമാണ്.
അതിന്റെ തുടർച്ചയായാണ് മദറിന്റെ ഓർമകൾ നിലനിർത്തുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളശ്രദ്ധ നേടിയ, 139 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങളെ ഇന്ത്യയിൽനിന്നു തുടച്ചുനീക്കുന്നതിന് ബിജെപി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടക്കുന്ന ആസൂത്രിത ശ്രമങ്ങൾ.
ഇതിനു നേരിട്ടുതന്നെ ചുക്കാൻ പിടിക്കുന്നത് ആർഎസ്എസ് നേതൃത്വമാണ് എന്നു നിസംശയം പറയാം.
ഇതിന്റെ ഭാഗമായിത്തന്നെയാണ് മദര്‍ തെരേസയ്ക്കും മിഷനറീസ് ഒഫ് ചാരിറ്റിക്കും നേരേ ഗുരുതര ആരോപണങ്ങളുമായി ആര്‍എസ്എസ് മുഖവാരിക പാഞ്ചജന്യയുടെ പുതിയ ലക്കം എത്തിയിരിക്കുന്നത്.
‘കുരിശേറ്റല്‍, അധികാരം, ഗൂഢാലോചന’ (Crucifixion, Power and Conspiracy) എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദര്‍ തെരേസയ്ക്കും മിഷനറീസ് ഓഫ് ചാരിറ്റിക്കും എതിരേ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
മദര്‍ തെരേസയ്ക്ക് ഭാരതരത്നം നല്കാന് കാരണം “ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങള്‍ കൊണ്ടാണ്” എന്നു ലേഖനത്തില്‍ പറയുന്നു.
മദര്‍ തെരേസയ്ക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നു ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന പരാമർശങ്ങളും ലേഖനത്തിലുണ്ട്.
തുടർച്ചയായ അപമാനിക്കൽ
ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് 2015ൽ മദർ തെരേസയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ കുപ്രസിദ്ധമാണല്ലോ.
മദർ ദിവംഗതയായി വർഷങ്ങൾക്കുശേഷം യാതൊരു പ്രകോപനവുമില്ലാതെയാണു മോഹൻ ഭാഗവത് വിമർശനങ്ങളുമായി രംഗത്തുവന്നത്.
മദറിനെതിരേയുള്ള സംഘപരിവാറിന്റെ രോഷം പ്രകടിപ്പിക്കുന്നതിനൊപ്പം മദറിന്റെ ഉദാത്തമായ മാതൃക അനുകരിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സന്യസ്തരെ ഭയപ്പെടുത്തി നിശബ്ദരാക്കുന്നതിനു വേണ്ടിയുമായിരുന്നു അത്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ മദർ നടത്തിയത് മതപരിവർത്തനമായിരുന്നു എന്ന അതിരൂക്ഷമായ വിമർശനമായിരുന്നു മോഹൻ ഭാഗവത് നടത്തിയത്.
ഭാഗവതിന്റെ വിമർശനങ്ങളുടെ ചുവടുപിടിച്ച് അന്ന് ഗോരക്പുർ എംപിയും കാവിരാഷ്ട്രീയത്തിന്റെ ഫയർ ബാൻഡും ഇപ്പോഴത്തെ യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥും രംഗത്തുവന്നിരുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നത് അവിടെ മതപരിവർത്തനങ്ങളിലൂടെ ക്രൈസ്തവ സമുദായം ശക്തി പ്രാപിച്ചതുകൊണ്ടാണ് എന്നാണ് ആദിത്യനാഥ് കണ്ടുപിടിച്ചത്.
കോൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിച്ച മദറിന്റെ സ്വാധീനം ത്രിപുര ഉൾപ്പടെയുള്ള തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായ മതപരിവർത്തനത്തിനും തീവ്രവാദത്തിനും കാരണമായെന്നാണു യോഗി സൂചിപ്പിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ സംഘപരിവാറിന്റെ ഉന്നത നേതൃത്വത്തിന്റെ ഭാഗത്തുനിന്നു മദറിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർന്നപ്പോൾ അതു ബോധപൂർവമാണോ എന്ന സംശയം സംഘപരിവാറിനെ എതിർക്കുന്ന കേന്ദ്രങ്ങളിൽനിന്നുണ്ടായി.
ആ ആശങ്കകൾ ശരിവയ്ക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായ നടപടികളിലൂടെ പുറത്തു വരുന്നത്.
1979ൽ മദറിനു സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചപ്പോഴും, 1980ൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം ലഭിച്ചപ്പോഴും, ഇത്രയും രൂക്ഷമായല്ലെങ്കിലും സമാനമായ പ്രതികരണങ്ങൾ ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്ന് ഉണ്ടായിരുന്നു.
ഇന്ത്യയിൽ ക്രൈസ്തവമതം വളർത്തുന്നതിനുള്ള പാശ്ചാത്യ അജൻഡയുടെ ഭാഗമാണ് മദറിനുള്ള നൊബേൽ സമ്മാനം എന്ന് 1979ൽ നിലപാടെടുത്ത ആർഎസ്എസ്, വിദേശത്ത് ജനിച്ച് വിദേശ രാജ്യത്ത് പൗരത്വമുണ്ടായിരുന്ന ഒരാൾക്ക് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകരുത് എന്ന നിലപാട് 1980ൽ സ്വീകരിച്ചു.
മദറിനോടുള്ള വിമർശനങ്ങളിൽ പിന്നീട് നിശബ്ദത പുലർത്തിയ സംഘപരിവാർ വീണ്ടും ആക്രമണവുമായി വരുന്നത് 2015ലാണ് എന്നതു ശ്രദ്ധേയമാണ്.
ഘർവാപസിയും മതപരിവർത്തന നിരോധന നിയമവും
1999ൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്തു നിലപാടുകളിൽ മൃദുത്വം പുലർത്തിയ ആർഎസ്എസ് 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ തീവ്രഹിന്ദുത്വ നിലപാടുകളുമായി സടകുടഞ്ഞ് എഴുന്നേൽക്കുകയായിരുന്നു. ‘ഘർവാപസി’ സംഘപരിവാറിന്റെ ഔദ്യോഗിക നയവും ലക്ഷ്യവുമായി പ്രഖ്യാപിക്കപ്പെട്ടു.
ആളും ആരവവുമായി, കൊട്ടും മേളവുമായി ഘർവാപസി ആഘോഷങ്ങൾ ഉത്തരേന്ത്യയിലെ പല ഗ്രാമങ്ങളിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ അരങ്ങേറി. ഇങ്ങ് കേരളത്തിൽപ്പോലും ഘർവാപസിയുടെ പേരിൽ ചടങ്ങുകൾ നടന്നു.
അതോടൊപ്പം മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളും ഊർജിതമായി ആർഎസ്എസിന്റെ ഭാഗത്തുനിന്നുണ്ടായി.
മതപരിവർത്തന നിരോധന നിയമത്തിന് ദേശീയ തലത്തിൽത്തന്നെ സംവാദത്തിന് മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.
ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്ന ജാർഖണ്ഡ്, രാജസ്ഥാൻ സർക്കാരുകൾ മതപരിവർത്തന നിരോധന ബില്ലുകൾ നിയമസഭകളിൽ കൊണ്ടുവന്നു. ഈ സാഹചര്യത്തിലാണ് അന്ന് മദറിനെതിരേ സംഘടിതമായ ആക്രമണം സംഘപരിവാർ അഴിച്ചുവിട്ടത്.
ദേശീയ അടിസ്ഥാനത്തിൽതന്നെ മതപരിവർത്തന വിരുദ്ധ നിലപാടുകൾ ചർച്ചയാക്കാനും സജീവമാക്കാനും പറ്റിയ ഏറ്റവും നല്ല ഇര മദർ ആണെന്ന് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾക്കു നന്നായി അറിയാമായിരുന്നു.
കൂടാതെ സംഘപരിവാർ ഏറ്റവും ഇഷ്ടപ്പെടുന്ന ‘വിദേശജന്മം’ എന്ന വിഷയം മദറിന്റെ കാര്യത്തിൽ എല്ലാ അർഥത്തിലും ഇണങ്ങുകയും ചെയ്യും.
ഇങ്ങനെ എല്ലാ കൂട്ടുകളും ചേർന്ന സംഘപരിവാറിന്റെ തൊപ്പിക്കു ചേർന്ന രസതന്ത്രമാണ് മദറിന്റെ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. വിദേശജന്മം, ക്രിസ്റ്റ്യാനിറ്റി, മതപരിവർത്തനം അങ്ങനെ ഏറ്റവും നല്ല കോംബിനേഷൻ.
സംഘപരിവാർ ഉദ്ദേശിച്ചതുപോലെതന്നെ, അഗതികളുടെ അമ്മ എന്ന് ലോകമെമ്പാടും പുകൾപെറ്റ മദർ തെരേസയുടെ പ്രതിച്ഛായയെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഇന്ത്യയിൽ മതപരിവർത്തനത്തിനു ശ്രമിച്ച വിദേശ വനിത എന്നു വികലമാക്കി അതു തങ്ങളുടെ അനുയായിവൃന്ദങ്ങളുടെ ബോധമണ്ഡലങ്ങളിലേക്ക് എങ്കിലും തിരിച്ചുവിടാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്.
തങ്ങളുടെ സംവേദനത്തിന് പുറത്ത് നിശബ്ദതയോടെയും പുറമെ എങ്കിലും നിസംഗതയോടെയും നിൽക്കുന്ന വലിയ ഒരു ജനവിഭാഗത്തിൽ മതന്യൂനപക്ഷങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കാനും സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്. അവർ ഉദ്ദേശിച്ചതും ഇതൊക്കെത്തന്നെയാണ്.
കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വിദേശ ഫണ്ടിംഗിനെക്കുറിച്ച് ആസൂത്രിതമായി സൃഷ്ടിച്ച വിവാദങ്ങളും സംഘപരിവാറിന്റെ ഈ ന്യൂനപക്ഷ വിരുദ്ധ അജൻഡയുടെ ഭാഗമാണ്.
മിഷനറീസ് ഓഫ് ചാരിറ്റി ഉൾപ്പടെയുള്ള ജീവകാരുണ്യ പ്രസ്ഥാനങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്ന ഉത്തരേന്ത്യയിലെ ആദിവാസി മേഖലകളിൽ കടന്നുകയറാനുള്ള സംഘപരിവാർ സംഘടനയായ വനവാസി കല്യാൺ ആശ്രമത്തിന്റെ ശ്രമങ്ങളും ഈ വിവാദങ്ങളോടു കൂട്ടിവായിക്കണം.
സാമൂഹ്യ സേവനം എന്നതിനേക്കാൾ ദീർഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയലക്ഷ്യങ്ങളാണ് ഇത്തരം സംഘപരിവാർ സംഘടനകൾക്കുള്ളത്.
പരമ്പരാഗതമായി ബിജെപി ഇതര പാർട്ടികൾക്ക് മേൽക്കൈ ഉണ്ടായിരുന്ന പ്രദേശങ്ങളാണ് ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾ.
അവിടെയൊക്കെ ആദിവാസി കല്യാൺ ആശ്രമം പോലെയുള്ള സംഘപരിവാർ സംഘടനകളിലൂടെ ആധിപത്യം നേടാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഗുജറാത്ത്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ സൂചനകൾ പ്രകടമായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ വേട്ടകൾ
തങ്ങളുടെ സ്വാധീനമേഖലകളിൽനിന്ന് ഇഷ്ടമില്ലാത്തവരെ എതുവിധേനയും പുകച്ചു പുറത്തു ചാടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
ഇതിന് ഒത്താശ ചെയ്യുകയാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ. ഇതിന്റെ ഭാഗമായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനായി രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള അപേക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഡിസംബര്‍ 25ന് ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു.
ഇത് അന്താരാഷ്ട്രതലത്തിൽ വിവാദമായതോടെ രജിസ്ട്രേഷന് കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിക്കൊണ്ട് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
എന്നാല്‍, പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ അന്നുമുതല്‍ രജിസ്ട്രേഷന്റെ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായം സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
ഇതിനു പിന്നാലെയാണ് ആര്‍എസ്എസ് മുഖവാരികയില്‍ മദർ തെരേസയ്ക്കും മിഷനറീസ് ഓഫ് ചാരിറ്റിക്കും എതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഈ സംഭവങ്ങളൊക്കെയും കേവലം യാദൃച്ഛികമാണ് എന്നുകരുതി തള്ളിക്കളയാൻ കഴിയില്ല.
കഴിഞ്ഞ കുറേ വർഷങ്ങളായി മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായി പ്രതികാര മനോഭാവത്തോടെ നിരവധി നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പൂർണമായും സുതാര്യമായി പ്രവർത്തിക്കുന്ന, ദയയുടെയും കാരുണ്യത്തിന്റെയും മുഖമായി ലോകംതന്നെ ആദരിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശസഹായങ്ങൾ നിഷേധിച്ച് ആ കോൺഗ്രിഗേഷനെത്തന്നെ തകർക്കാനും മദറിന്റെ സേവനങ്ങള തമസ്കരിക്കാനുമാണ് സംഘപരിവാറും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.