ഭാരതരത്നം നല്കി രാജ്യം ആദരിച്ച വിശുദ്ധ മദര്‍ തെരേസയുടെ സേവനങ്ങളെ അവഹേളിക്കാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീക്കം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ മുഴുവന്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നിര്‍ദേശം നല്കി. എന്നാല്‍, രാജ്യത്തെ മറ്റു ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനയോ നടപടികളോ നിര്‍ദേശിച്ചിട്ടില്ല.
റാഞ്ചിയിലെ നിര്‍മല്‍ ഹൃദയ് സ്ഥാപനത്തില്‍ ഒരു കുട്ടിയെ വില്പന നടത്തിയെന്ന ആരോപണത്തിന്റെ മറവിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ മാത്രം സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളില്‍ അടിയന്തര പരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനങ്ങളെല്ലാം സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അഥോറിറ്റിയുടെ (സിഎആര്‍എ) കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു മാസത്തിനുള്ളില്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ിഷനറീസ് ഓഫ് ചാരിറ്റിയുമായി ബന്ധമില്ലാത്ത മറ്റൊരാളുടെ വ്യക്തിപരമായ നടപടിയുടെ പേരില്‍ ജുഡീഷല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ വ്യാജവാര്‍ത്തകളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തെറ്റായ കഥകളും പ്രചരിപ്പിക്കുന്നതില്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. പ്രേമ ദുഃഖവും വേദനയും അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്ര നടപടി.
അന്വേഷണത്തോടു പൂര്‍ണമായും സഹകരിക്കുമെന്നും സഭയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ് സിസ്റ്ററെ അറസ്റ്റ് ചെയ്തതെന്നും പ്രസ്താവനയില്‍ സുപ്പീരിയര്‍ ജനറല്‍ വിശദീകരിച്ചിട്ടുമുണ്ട്.റാഞ്ചിയിലെ സംഭവത്തില്‍ ജുഡീഷല്‍ നടപടികളും പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തുന്നതിനു പകരമായാണ് നിരാലംബര്‍ക്ക് സഹായം ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റിയെ തെരഞ്ഞുപിടിച്ചുള്ള സര്‍ക്കാര്‍ നടപടി.