സിജോ പൈനാടത്ത്
കൊച്ചി: അഗതികളുടെ അമ്മ വിശുദ്ധ മദർ തെരേസയുടെ അവസാനത്തെ കേരള സന്ദർശനത്തിനു നാളെ 25 വയസ്. 1994 ജനുവരി 16ന് കൊച്ചിയിലെത്തിയ മദറിന്റെ നാലാമത്തെ കേരള സന്ദർശനമായിരുന്നു അത്. ഇടപ്പള്ളി പള്ളിയുടെ പതിനാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചായിരുന്നു കോൽക്കത്തയിൽ നിന്ന് മദർ തെരേസയുടെ അവസാന കേരളയാത്ര.
പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മദർ. അന്നത്തെ എറണാകുളം ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറയും മുഖ്യമന്ത്രി കെ.കരുണാകരനും ഉൾപ്പെടെ പ്രമുഖർ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു.
അന്നത്തെ ഇടപ്പള്ളി ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ശങ്കുരിക്കൽ കോൽക്കത്തയിലെത്തിയാണു മദറിനെ ക്ഷണിച്ചത്.
ഇടപ്പള്ളി പള്ളി സന്ദർശിച്ച മദറിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കു സഹായമാകാൻ ഒരു പിക്കപ്പ് വാൻ സമ്മാനമായി പള്ളി അധികൃതർ നൽകി. എറണാകുളം എസ്ആർഎം റോഡിലുള്ള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍വെന്റിലായിരുന്നു മദറിന്റെ താമസം.
ഫാ. ജോർജ് കുറ്റിക്കലിന്റെ നേതൃത്വത്തിലുള്ള ’ആകാശപ്പറവകളുടെ’ ശുശ്രൂഷകൾക്കു തൃശൂർ ചെന്നായിപ്പാറയിൽ തുടക്കമിട്ടതു മദർ തെരേസയാണ്. 1976 ജനുവരി 19നാണു മദർ തെരേസ ആദ്യമായി കേരളത്തിലെത്തിയത്. പിന്നീട് 1979ലും 1987ലും മദർ കേരളസന്ദർശനങ്ങൾ നടത്തി.