തിരുവനന്തപുരം: ഒടുവില്‍ ആ യാഥാര്‍ഥ്യം ലക്ഷ്മി തിരിച്ചറിഞ്ഞു. അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്‍കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്. ബോധത്തിനും അബോധത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ, ബാലയുടെയും ജാനിക്കുട്ടിയുടെയും വിയോഗ വാര്‍ത്ത ലക്ഷ്മിയെ അറിയിച്ചത് അമ്മയാണ്. ദുഖത്താല്‍ മനസു മരവിച്ചതിനാലാകണം അമ്മയുടെ വാക്കുകള്‍ കേട്ടുവെന്നല്ലാതെ ലക്ഷ്മിയില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. അനന്തപുരി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് ലക്ഷ്മി.
ദിവസങ്ങള്‍ക്കു മുമ്പു വരെ അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ നീക്കം ചെയ്തു. എന്നാലും ബുദ്ധിമുട്ടില്ലാതെ സംസാരിക്കാന്‍ തക്ക നിലയിലായിരുന്നില്ല ലക്ഷ്മി. ഇന്നലെ ഉപകരണ സഹായമില്ലാതെ ശ്വാസോച്ഛ്വാസം ചെയ്തു. മറ്റുള്ളവര്‍ പറയുന്നത് കാതുകൂര്‍പ്പിച്ചു കേട്ടു തുടങ്ങിയപ്പോഴാണ് ലക്ഷ്മിയുടെ അമ്മ ബാലയുടേയും ജാനിയുടേയും വിയോഗ വിവരം അറിയിച്ചത്.
പുറത്തു കാട്ടിയില്ലെങ്കിലും മനസിലെങ്കിലും വിവരം ഉള്‍ക്കൊണ്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കള്‍. ലക്ഷ്മിയുടെ നിലയിലെ പുരോഗതി ബാല ഭാസ്‌ക്കറിന്റെ ഉറ്റ സുഹൃത്തായ സ്റ്റീഫന്‍ ദേവസിയാണ് ഫേസ്ബുക് ലൈവ് വഴി പുറത്തറിയിച്ചത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആരോഗ്യ നിലയിലെ പുരോഗതി ആശാവഹമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.