ജോണ്സ്റ്റൻ (അയോവ): നാലു കുട്ടികളെ വീട്ടിൽ തനിച്ചാക്കി യൂറോപ്യൻ പര്യടനത്തിനു പോയ മാതാവിനെ പോലീസ് തിരിച്ചു വിളിച്ച് അറസ്റ്റു ചെയ്തു. എറിൻ മാക്കി എന്ന മുപ്പതുകാരിയെ ആണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്ന് ജോണ്‍സ്റ്റണ്‍ പോലീസ് വക്താവ് അറിയിച്ചു.
കുട്ടികളെ തനിച്ചാക്കി രാജ്യം വിട്ടു പോയതാണ് ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. ഇവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. കോടതി 9000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടികളെ കാണുന്നതിന് മാതാവിനെ കോടതി വിലക്കിയിട്ടില്ല.
സെപ്റ്റംബർ 20 നാണ് എറിൻ യാത്ര പുറപ്പെട്ടത്. ഒക്ടോബർ ഒന്നിനാണ് തിരിച്ചു വരേണ്ടിയിരുന്നത്. എന്നാൽ പോലീസിന്റെ അറിയിപ്പിനെതുടർന്നു യാത്ര വെട്ടിചുരുക്കി വ്യാഴാഴ്ച തിരിച്ചെത്തിയ ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സെപ്റ്റംബർ 21 നാണ് കുട്ടികളുടെ പിതാവ് വിവരം പോലീസിൽ അറിയിച്ചത്. കുട്ടികളെ തനിച്ചാക്കിയതിനുപുറമെ വീട്ടിൽ തോക്കും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തുടർന്നു ഹ്യൂമൻ സർവീസ് ഡിപ്പാർട്ട്മെന്റ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഏഴും ആറും വയസുള്ള കുട്ടികളെ പന്ത്രണ്ടു വയസുള്ള മറ്റു രണ്ടു കുട്ടികളെ സംരക്ഷണം ഏല്പിച്ചാണ് യാത്ര പോയതെന്നാണ് മാതാവിന്റെ വിശദീകരണം. പന്ത്രണ്ടു വയസുള്ള കുട്ടികൾക്ക് ഇവരുടെ ചുമതലയേല്‍ക്കാൻ കഴിയുമെന്നാണ് താൻ കരുതിയിരുന്നതെന്നും മാതാവ് എറിൻ പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ