ദിസ്പുർ: ജമ്മു കാഷ്മീർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഘടനവാദികളുടെ സംഘടനയായ ഹിസ്ബുൾ മുജാഹുദീനിൽ ചേർന്ന അസമീസ് യുവാവിനു വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.’’ഡോ. ഹുരൈര’’ എന്ന വിളിപ്പേരു സ്വീകരിച്ച് ഭീകരസംഘാംഗമായ കമർ ഉസ് സമാനെയാണു പോലീസ് അന്വേഷിക്കുന്നത്. അതിനിടെ, കമറിന്റെ കുടുംബം അയാളെ രാജ്യദ്രോഹിയെന്നു വിളിച്ച് തള്ളിപ്പറഞ്ഞു.
സമാനെ സർക്കാർ വധിച്ചാലും വിഷമമില്ലെന്ന് അവർ വ്യക്തമാക്കി. ’’എന്റെ മകൻ ഭീകരസംഘടനയിൽ ചേർന്നെന്നു കേൾക്കുന്നതു ശരിയാണെങ്കിൽ അവൻ രാജ്യദ്രോഹിയായി മാറിക്കഴിഞ്ഞു. അത്തരമൊരു സംഘടനയിൽ ചേർന്നെങ്കിൽ അവനെ വെടിവച്ചുകൊല്ലണം. അങ്ങനെയൊരു മകൻ എനിക്കു വേണ്ട, അവന്റെ മൃതദേഹം പോലും സ്വീകരിക്കില്ല. ഞങ്ങൾ രാജ്യത്തിനൊപ്പമാണ്’’ കമറിന്റെ അമ്മ ഷാഹിറ ഖാതൂൻ പറഞ്ഞു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണു കമർ. ഇയാൾ എ.കെ47 തോക്കുമായി നിൽക്കുന്ന ചിത്രങ്ങളാണു പോലീസ് പുറത്തുവിട്ടത്.
അന്വേഷണം കാഷ്മീരിൽ ഒതുക്കില്ലെന്നും പാക് ഭീകരസംഘടനകൾ പരിശീലനം നൽകിയതിനു ശേഷം സ്വദേശത്തു ഭീകരവാദം വളർത്താൻ നിയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.ഏതാനും വർഷം അമേരിക്കയിൽ താമസിച്ചതിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ കമർ പിന്നീട് കശ്മീരിലേക്കു പോയി. അവിടെ ബിസിനസ് സ്ഥാപനം നടത്തുകയാണെന്നാണു ബന്ധുക്കളോടു പറഞ്ഞിരുന്നത്. കഴിഞ്ഞ ജെൂലെയിൽ നാട്ടിലെത്തി ഭാര്യയെയും മൂന്നു വയസുള്ള മകനെയും ബന്ധുക്കൾക്കൊപ്പമാക്കി മടങ്ങിയ അയാളെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല. കമറിന്റെ അമ്മയുടെ വാക്കുകൾ ഇപ്പോൾ ചർച്ചയാവുകയാണ്.