വിവാഹദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേർന്ന് മകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് അഭിനന്ദനം നേടുന്നു. കൊട്ടിയം മുഖത്തല സ്വദേശിയായ ഗോകുൽ ശ്രീധറാണ് രണ്ടാമത് വിവാഹിതയായ അമ്മ മിനിക്ക് ആശംസകൾ നേർന്നത്.
“സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല’ എന്ന് പറഞ്ഞ് തുടങ്ങുന്ന കുറുപ്പിൽ ആദ്യ ദാമ്പത്യ ബന്ധത്തിൽ അമ്മ അനുഭവിച്ച വേദനയെ കുറിച്ചും ഗോകുൽ വ്യക്തമാക്കുന്നു. അടി കൊണ്ട് നെറ്റിയിൽ നിന്നും ചോരയൊലിച്ചപ്പോൾ ഗോകുലിന്റെ ചോദ്യത്തിന് അമ്മ നൽകിയ മറുപടിയും ഗോകുൽ ഓർത്തെടുക്കുന്നു. “നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കും’ എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ.
“യൗവനം മുഴുവൻ എനിക്കായി മാറ്റിവച്ച എന്റെ അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്’ എന്ന് പറഞ്ഞാണ് ഗോകുൽ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. ഗോകുൽ 10-)ം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെയും അച്ഛന്റെയും വിവാഹമോചനം. പിന്നീട് വിവാഹമോചനത്തിന് നഷ്ടപരിഹാരമായി ലഭിച്ച വീട്ടിലാണ് ഇരുവരും താമസിച്ചത്.
ലൈബ്രേറിയനായി അമ്മയ്ക്ക് ലഭിച്ച ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഇരുവരും ജീവിച്ചത്. ലൈബ്രറി കൗണ്സിലിലെ സുഹൃത്തുക്കൾ വഴിയാണ് ഈ വിവാഹാലോചന വന്നത്.
ആദ്യം വിവാഹത്തിന് തയാറായില്ലെങ്കിലും പിന്നീട് അമ്മ സമ്മതിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയായ റിട്ട. കേണൽ വേണുവാണ് മിനിയെ വിവാഹം ചെയ്തത്. എഞ്ചിനീയറിംഗ് ബിരുദധാരിയും എസ്എഫ്ഐ കൊട്ടിയം ഏരിയ സെക്രട്ടറിയുമാണ് ഗോകുൽ.