മുട്ടം: കൈയിൽ ചെലവിനു പണമില്ലാതെ വട്ടംകറങ്ങിയവർക്ക് മുട്ടം പോലീസ് തുണയായി. 60 കിലോമീറ്റർ കാൽനടയായി എത്തിയ മാതാവിനും കുട്ടിക്കുമാണ് മുട്ടം പോലീസ് കൈത്താങ്ങായത്.
ഇന്നലെ രാവിലെ മുട്ടത്തിനു സമീപം ചള്ളാവയലിലാണ് സംഭവം. പട്രോളിംഗിനു പോയ അസിസ്റ്റന്റ് എസ്ഐ മുഹമ്മദലിയും സംഘവും തുടങ്ങനാടിനു സമീപം അവശരായി നടക്കുന്ന മാതാവിനെയും 10 വയസു പ്രായമുള്ള ഇവരുടെ കുട്ടിയെയും കണ്ടു.
ഇതു ശ്രദ്ധയിൽപെട്ട പോലീസ് ഇവർ എങ്ങോട്ടുപോകുകയാണെന്ന് അന്വേഷിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെയടുത്തു നിന്നും തിരികെ കാഞ്ഞാറിലെ വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നു കേട്ടതോടെ പോലീസുകാർ ഇവരെ ജീപ്പിൽ കയറ്റി മുട്ടത്തിനു സമീപത്തുനിന്നും രാവിലത്തെ ആഹാരവും ഉച്ചയ്ക്കത്തേയ്ക്ക് ചോറും വാങ്ങി നൽകി.
തുടർന്ന് ഈ കുടുംബത്തിന് ഒരു മാസത്തേയ്ക്ക് ചെലവിനുള്ള ആഹാരസാധനങ്ങൾ മാവേലി സ്റ്റോറിൽ നിന്നുവാങ്ങി നൽകുകയും അത്യാവശ്യം കുറച്ച് പണവും നൽകി ഇവരെ കാഞ്ഞാറിലെ വാടകവീട്ടിലെത്തിച്ചു.
നെടുങ്കണ്ടം സ്വദേശികളാണ് ഈ കുടുംബം. ഭർത്താവ് അപകടത്തിൽപെട്ട് നെടുങ്കണ്ടത്തെ ആശുപത്രിയിലായിരുന്നു. ചികിത്സിക്കാൻ പണമില്ലാതെ ചെലവിന് വീടും സ്ഥലവും വിറ്റ് കാഞ്ഞാറിന് താമസം മാറുകയായിരുന്നു.
ഇവരുടെ കദനകഥ കേട്ട പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്നും പണം എടുത്താണ് ഇവർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയത്. മുഹമ്മദാലിയോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ ദിലീപും നജീബും ഉണ്ടായിരുന്നു.
ബുധനാഴ്ച വൈകുന്നേരം 6.30 നാണ് ഇവർ കോട്ടയത്തുനിന്നും പുറപ്പെട്ടത്. ഇടയ്ക്ക് കുട്ടി ക്ഷീണിതനായപ്പോൾ റോഡരികിൽ കുറച്ചു നേരം വിശ്രമിച്ച് യാത്ര തുടരുകയായിരുന്നു.