ബെ സിറ്റി (ടെക്സസ്): ഏഴു വയസുകാരിയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മയെ പോലിസ് അറസ്റ്റു ചെയ്തു.
ബെ സിറ്റിയിൽ വീടുകളിൽ പോലീസ് പരിശോധന നടത്തുന്നതിനിടയിൽ ബെ സിറ്റി ബോർഡ്ക്സ് 2200 അപ്പാർട്ട്മെന്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ച കുട്ടി ഉൾപ്പെടെ മൂന്നു കുട്ടികളുടെ മാതാവായ ലോറൻ കെ. ഡീനെ (26) പോലീസ് വിവിധ വകുപ്പുകൾ ചുമത്തി മറ്റഗോർഡ കൗണ്ടി ജയിലിലടച്ചു. കുട്ടി എങ്ങനെ, എന്നു മരിച്ചുവെന്നു വ്യക്തമല്ലെന്നു ഡിറ്റക്ടീവ് സ്റ്റീഫൻ ലണ്സ് ഫോർഡ് അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന 5 വയസും മൂന്നു മാസവും വീതം പ്രായമുള്ള മറ്റു രണ്ടു കുട്ടികളെ അവിടെ നിന്നു മാറ്റിയതായി ബെ സിറ്റി പൊലീസ് പറഞ്ഞു. മരിച്ച കുട്ടി രോഗാതുരയായിരുന്നുവോ എന്നും അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഡിറ്റക്ടീവ് റെയ്നാ പെരസിനെ 979 245 8500 നന്പറിൽ വിളിച്ച് അറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ