മിൽവാക്കി: ഫെബ്രുവരി 9 മുതൽ കാണാതായ അമ്മയും രണ്ടു മക്കളും മരിച്ചനിലയിൽ കണ്ടെത്തി. മാതാവായ അമേറ ബാങ്ക്സ്, മക്കൾ കമേറിയ ബാങ്ക്സ് (4), സാനിയ ബാങ്ക്സ് (5) എന്നിവരെയാണ് മരിച്ചനിലയിൽ വീടിനടുത്തുള്ള കാർ ഗാരേജിൽ കണ്ടെത്തിയതായി മിൽവാക്കി പോലീസ് ചീഫ് മൊറാലസ് പറഞ്ഞു.
ഫെബ്രുവരി 15 നാണ് കുട്ടികളെ കണ്ടെത്തുന്നതിന് അലർട്ട് പ്രഖ്യാപിച്ചത്. തുടർന്ന് ഫെബ്രുവരി 16 ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് അമേറയുടെ കാമുകൻ അർസൽ ഐവറിയെ പോലീസ് ടെന്നിസിയിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പോലീസ് ടെന്നിസിയിലെത്തി അർസലിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് മൃതദേഹം വീട്ടിലെ ഗാരേജിൽ ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. ആംബർ അലർട്ട് പ്രഖ്യാപിക്കുന്നതിന് വൈകിയതിന്റെ കാരണം പോലീസ് ചീഫ് വിശദീകരിച്ചു.
പ്രാഥമിക അന്വേഷണത്തിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. ആംബർ അലർട്ട് പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ് പറഞ്ഞു.
കാമുകൻ ഐവറിക്കെതിരെ കേസ് ചാർജ് ചെയ്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ