ഷിക്കാഗോ: വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കാണാതെ പോയതിൽ പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് 12 വയസുകാരനായ മകന്റെ ശരീരത്തിലേക്കു വെടിയുണ്ടകൾ ഉതിർത്ത്.
തലയിലും ശരീരത്തിലും വെടിയേറ്റ കാദൻ ഇൻഗ്രാമം എന്ന കുട്ടിയാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് എവിടെ എന്നു ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം.
ഞാൻ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകൻ അമ്മയോട് ആണയിട്ടു പറഞ്ഞു. കോപം അടക്കാനാകാതെ സിൽവർ റിവോൾവർ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിവച്ചു.
ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരുക്കേൽപ്പിച്ചില്ല. തുടർന്നു കുട്ടി കരയുന്നതും നിലത്തു വീഴുന്നതും കാമറയിൽ കണ്ടെത്തിയിരുന്നു.
പിന്നീട് മാതാവ് ഫോണിൽ ആരുമായോ ബന്ധപ്പെട്ടു. തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റൽ കാർഡിനെ കുറിച്ചു ചോദിച്ചു.
വീണ്ടും കുട്ടി അമ്മയോട് ഞാൻ അതു കണ്ടിട്ടില്ല എന്നു പറയുന്നതും മാതാവ് വീണ്ടും കുട്ടിയുടെ തലയ്ക്കു നേരെ വെടിയുതിർക്കുന്നതും കാമറയിൽ കണ്ടെത്തി.
തുടർന്നു അമ്മ ബന്ധുക്കളെ വിളിച്ചു ഞാൻ മകനെ കൊന്നെന്നു വെളിപ്പെടുത്തി.
ബന്ധുക്കൾ ഉടനെ പോലീസുമായി ബന്ധപ്പെടുകയും ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയുടെ വെടിയേറ്റ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
മാതാവ് പോലീസിനോടു കുറ്റസമ്മതം നടത്തി. റസലിംഗും വിഡിയോ ഗെയ്മും മകൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ നഷ്ടപ്പെട്ടതു സഹിക്കാവുന്നതിലപ്പുറമാണെന്നും പിതാവ് പറഞ്ഞു.
മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മർഡർ ചാർജ് ചെയ്തിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ