ആലപ്പുഴ: പതിമൂന്നു മക്കളുള്ള 91 കാരിയെ സംരക്ഷിക്കുന്നതിനെച്ചൊല്ലി മക്കൾ തമ്മിൽ തർക്കം.
ഒടുവിൽ പോലീസ് ഇടപെട്ട് വയോധികയുടെ ആഗ്രഹം നിറവേറ്റി. വഴിച്ചേരി സ്വദേശി ജെസി വാസി (91)നെയാണ് വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടിൽ മരണം വരെ താമസിക്കാനുള്ള സൗകര്യം നോർത്ത് സിഐ വിനോദിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയത്.
ജെസിയുടെ ഭർത്താവ് ശവപ്പെട്ടി വിൽപനക്കാരനായിരുന്നു. ഇയാൾ മരിച്ചതിനെതുടർന്ന് ഇളയമകനും ജെസിയും ചേർന്ന് കട നടത്തുകയായിരുന്നു.
രണ്ടുവർഷം മുന്പ് മറ്റു മൂന്നു മക്കൾ അമ്മയെ സംരക്ഷിക്കാൻ രംഗത്തെത്തി. ഇതിൽ ഒരു മകന്റെ സംരക്ഷണയിൽ വഴിച്ചേരിയിലെ ചോർന്നൊലിക്കുന്ന കടമുറിയിൽ താമസിക്കുകയായിരുന്നു.
ആദ്യം ഒപ്പമുണ്ടായിരുന്ന മകൻ പുന്നപ്രയിലേക്ക് താമസം മാറി. ഇതിനിടെ നിലവിൽ ഇവരെ സംരക്ഷിക്കുന്ന മകൻ ഉപദ്രവിച്ചിരുന്നതായി പോലീസിനു മനസിലായി.
വിദേശത്തുനിന്ന് നാട്ടിലെത്തിയ മകന്റെ കൂടെ കുറച്ചുകാലം താമസിച്ചു.
വിദേശത്തേക്ക് ഇവർക്ക് മടങ്ങേണ്ടിവന്നപ്പോൾ അമ്മയെ വീണ്ടും കുടുംബ വീട്ടിലാക്കി.
തുടർന്ന് മകന്റെ ഉപദ്രവം രൂക്ഷമായപ്പോൾ പുന്നപ്രയിലുള്ള മകനോടൊപ്പം താമസമാക്കി.
ഇയാൾ സാന്പത്തിക പരാധീനതയുള്ളയാളായതിനാൽ കുടുബവീട്ടിൽ കഴിയണമെന്ന അഗ്രഹം ജെസി പ്രകടിപ്പിച്ചു.
തുടർന്ന് രണ്ടു മക്കളോടൊപ്പം കുടുബവീട്ടിലെത്തിയപ്പോൾ മുറിപൂട്ടി വെളിയിൽ നിൽക്കുകയായിരുന്നു മകൻ. ഇതേതുടർന്ന് ജെസി നോർത്ത് പോലീസിനെ സമീപിക്കുകയായിരുന്നു.
ഇന്നലെ മുഴുവൻ മക്കളെയും സിഐ വിളിപ്പിച്ചെങ്കിലും രണ്ടു പേർ മാത്രമാണെത്തിയത്.
അമ്മയെ തെരുവിലിറക്കിയാൽ ഉണ്ടാകാവുന്ന നിയമ നടപടിയെക്കുറിച്ച് ഇവരെ ബോധ്യപ്പെടുത്തിയ സിഐ ജെസിയെ വീണ്ടും കുടുംബ വീട്ടിലെത്തിക്കുകയായിരുന്നു.