കോഴിക്കോട്: മദേഴ്സ് ക്ലിനിക്കിന്റെ പേരില്സംസ്ഥാനത്ത് വന്‍ തട്ടിപ്പ്. പ്രവാസികളും ചെറുകിട നിക്ഷേപകരും തട്ടിപ്പിനിരയായി. സംസ്ഥാനത്ത് നൂറ്റമ്പതോളം പേര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടമായത്. മദേഴ്സ് ക്ലിനിക്ക് ആരംഭിക്കുന്നതിനായി ഫ്രാഞ്ചൈസി ക്ഷണിച്ചുകൊണ്ടാണ് ഉടമകള്‍ വന്‍ തട്ടിപ്പ് നടത്തിയത്. ക്ലിനിക്ക് തുടങ്ങാന്‍ 200 സ്ക്വയര്‍ ഫീറ്റ് സ്ഥലവും മറ്റ് ചിലവുകള്‍ക്കായി അഞ്ചുലക്ഷം രൂപയും നല്കിയവരാണ് വലിയ തട്ടിപ്പിനിരയായത്.
അഞ്ചുലക്ഷവും സ്ഥലവും നല്കിയാല് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഡോക്ടര്‍മാരെയും നഴ്സുമാരെയും നല്‍കാമെന്നും അതുവഴി പ്രതിമാസം ഒരുലക്ഷം രൂപ വരെ സ്ഥിരവരുമാനം നേടാമെന്നുമായിരുന്നു മലബാറില്‍ മാത്രം 160 ലധികം ക്ലിനിക്കുകളുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന ക്ലിനിക്ക് അധികൃതരുടെ അവകാശവാദം.
എന്നാല്‍ പണം നല്‍കിയിട്ടും പലയിടത്തും ഫ്രാഞ്ചൈസി തുടങ്ങിയില്ല. എന്നുമാത്രമല്ല ഇവരുടെ വെബ്സൈറ്റ് പോലും പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്. ഒരുമേഖലയില്‍ തട്ടിപ്പ് നടത്തി പിന്നെ മറ്റൊരിടത്ത് വെബ്സൈറ്റ് തുടങ്ങി പറ്റിക്കുകയാണ് ഇവരെന്ന് പണം മുടക്കിയവര്‍ പരാതിപ്പെടുന്നു.
തട്ടിപ്പിനിരയായവര്‍ ഇന്ന് കോഴിക്കോട് മീറ്റിംഗ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ക്ലിനിക്ക് തുടങ്ങുന്നതിന് ഇവര്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. അതേസമയം 41-ഓളം ഡോക്ടര്‍മാര്‍ക്ക് ക്ലിനിക്ക് അധികൃതര്‍ വ്യാജ ഓഫര്‍ ലെറ്റര്‍ അയച്ചതായും ആക്ഷേപമുണ്ട്. മലബാറിലെ തട്ടിപ്പ് കഴിഞ്ഞ് ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരത്തും കര്‍ണാടകയിലും ഫ്രാഞ്ചൈസി അപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.
വെറും 49 രൂപയ്ക്ക് ചികിത്സാ പദ്ധതിയുമായി പ്രവര്‍ത്തിക്കുന്ന മദേഴ്സ് ക്ലിനിക് നിങ്ങളുടെ നാട്ടിലും ആരംഭിക്കാമെന്ന മുഖവുരയോടെയാണ് ഇവര്‍ ഷോഷ്യല്‍ മീഡിയവഴി ആളെപിടിക്കുന്നത്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ വരുമാനവും നേടാം.
മദേഴ്സ് ക്ലിനിക് നെറ്റ്വര്‍ക്ക് ഇപ്പോള്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് ഇവരുടെ അവകാശവാദം. എന്നാല്‍ തട്ടിപ്പിനിരയായവര്‍ സംഘം ചേര്‍ന്നതോടെ ഇതെല്ലാം തള്ളിക്കൊണ്ട് കമ്പനി അധികൃതര്‍ ഫേസ് ബുക്ക് പേജില്‍ രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് ഹൈ ലൈറ്റ് മാളിലാണ് ക്ലിനിക്ക് ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.
വഞ്ചിതരായത് ഇങ്ങനെ..
ക്ലിനിക് തുടങ്ങാന്‍ പശ്ചാത്തലമുള്ള ഏരിയയില്‍ ചുരുങ്ങിയത് 200 സ്ക്വയര്‍ ഫീറ്റ് സ്വന്തമായോ വാടകയ്ക്കോ എടുക്കാന്‍ കഴിയുന്നവര്‍ക്ക് അപേക്ഷിക്കാം. ടൈലിട്ട ഒഴിഞ്ഞ മുറി ലഭ്യമാക്കിയാല്‍ ആ റൂം പാര്‍ട്ടീഷ്യന്‍ ചെയ്തു മുഴുവന്‍ പുട്ടി ഇട്ടു പെയിന്റ് അടിച്ചു ആ ക്ലിനിക്കിലേക്കുള്ള മുഴുവന്‍ ഫര്‍ണിച്ചറുകളും, മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്തു ക്ലിനിക് സെറ്റ് ചെയ്യാനും മറ്റു ചിലവുകളും അടക്കം എല്ലാം അടക്കം 5 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് മൊത്തം മുതല്‍മുടക്ക് വരുന്നത്. ഇത് 2-3 ഘട്ടമായി മുതല്‍ മുടക്കി പരമാവധി 60-90 ദിവസകാലയളവില്‍ നിങ്ങളുടെ ക്ലിനിക് ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനമാരംഭിക്കാം ഇതായിരുന്നു വാഗ്ദാനം.
തേന്‍ പുരട്ടിയ വാക്കുകളില്‍ തട്ടിപ്പ് ഇങ്ങനെ:
ഇന്ത്യയിലെ ഏറ്റവും വലിയ പോളി ക്ലിനിക് ശൃംഖലയുടെ ഒരു ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ മദേഴ്സ് ക്ലിനിക്ക് താങ്കളെ ക്ഷണിക്കുന്നു. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോഷ്ലിന് ഹെല്‍ത്ത്കെയര്‍ ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ ഒരു ബഡ്ജറ്റ് പോളി ക്ലിനിക് ശൃംഖലയാണ് മദേഴ്സ് ക്ലിനിക്ക് നെറ്റ്വര്‍ക്ക്.
യാതൊരുവിധ ചൂഷണങ്ങളും ഇല്ലാതെ മറ്റുള്ള ക്ലിനിക്കുകളെക്കാള്‍ പകുതിയില്‍ താഴെ നിരക്കുകളുമായി തികച്ചും ജനകീയമായി പ്രവര്‍ത്തിക്കുന്ന പദ്ധതി ആണ് മദേഴ്സ് ക്ലിനിക്ക്. മലബാര്‍ ഏരിയായില്‍ മാത്രം ആയി 160 ലധികം പോളി ക്ലിനിക്കുകളും 10 സ്പെഷ്യാലിറ്റി ബഡ്ജറ്റ് ഹോസ്പിറ്റലും ഉള്‍പ്പെടുന്ന ഒരു ബൃഹത്തായ ആതുര സേവന പദ്ധതി ആണ് മദേഴ്സ് ക്ലിനിക്ക്.
വെറും 50 രൂപയ്ക്ക് ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും കൂടാതെ എല്ലാ മരുന്നുകള്‍ക്കും 10% മുതല്‍ 60 % വരെ ഡിസ്ക്കൗണ്ടും നല്കി കേരളത്തില്‍ ചികിത്സാ വിസ്മയവുമായി മദേഴ്സ് ക്ലിനിക് നെറ്റ്വര്‍ക്ക്, കൂടാതെ ക്ളിനിക്കില്‍ ലഭ്യമാകുന്ന സര്‍വീസുകളായ ഒക്സിജന്‍ സാച്വറേഷന്‍ പരിശോധന, മുറിവ് തുന്നിക്കെട്ടല്, മുറിവ് ഡ്രസ്സിംഗ്, ഡ്രസ്സിംഗ് പുനഃപരിശോധന, നെബുലൈസേഷന്, ഇഞ്ചക്ഷന് വയ്ക്കല്‍, ഐ.വി. കാനുല ഇഞ്ചക്ഷന്, എസ് വി സെറ്റ് ഇഞ്ചക്ഷന്, ഇ സി ജി മോണിട്ടറിംഗ്, ഡ്രിപ്പ് ഇടല്, ഒബ്സര്‍വേഷന്‍ ബെഡ് ഉപയോഗത്തിന്റെ ചാര്‍ജ്, ഓക്സിജന്‍ ചാര്‍ജ്, പേഷ്യന്റ് മൊണിറ്ററിംഗ് സിസ്റ്റം ഉപയോഗിച്ച് മോണിറ്ററിംഗ് തുടങ്ങിയ എല്ലാവിധ സര്‍വീസുകളും മറ്റെവിടത്തെക്കാളും ചുരുങ്ങിയ ചിലവില്‍ പൊതുജനങ്ങള്‍ക്കു നല്‍കിയാണ് ഓരോ മദേഴ്സ് ക്ലിനിക്കും പ്രവര്‍ത്തിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു.
‘ഞാഞ്ഞൂലുകളെ ഭയമില്ല’
മദേഴ്സ് ക്ലിനിക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വ്യാജമാണെന്ന് ഫേസ് ബുക്ക് പേജിലൂടെ ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇന്ന് രാവിലെ ഒമ്പതോടെയാണ് ഇവര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഗൂഡശക്തികളാണ് ആരോപണത്തിന് പിന്നില്‍. മദേഴ്സ് ക്ലിനിക്കിന് ഇത്തരം ഞാഞ്ഞൂലുകളെ ഭയമില്ല. കാരണം സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തില്‍ മദേഴ്സ് ക്ലിനിക്കി ന്റെ സ്ഥാനം എന്നും ഭദ്രമാണ്.
ചുരുങ്ങിയ ചിലവില്‍ ചികിത്സയും സേവനങ്ങളും നല്കുന്ന ഈ ബഡ്ജറ്റ് പൊളി ക്ലിനിക് ശൃങ്കല സാധാരണക്കാരായ ജനങ്ങളുടെ പിന്തുണയോടു കൂടി മുന്നോട്ടു പോവുക തന്നെ ചെയ്യും. അതിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും പോസ്റ്റില്‍ പറയുന്നു. ഈ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 9447554029 അല്ലെങ്കില്‍ 9061085211 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും ഇവര്‍ അറിയിച്ചു. എന്നാൽ ഈ ഫോൺ നന്പറുകളിൽ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ല.