ഗാസിയാബാദ്: അമ്മയുടെ മുൻകാമുകന്റെ ആക്രമണത്തിൽ 18 കാരിക്ക് ദാരുണാന്ത്യം. കാൻസർ രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദശിലെ ഗാസിയാബാദിലാണ് സംഭവം. ഭർതൃവീട്ടിൽ നിന്നും അമ്മ ചമ്പാദേവിയെ പരിചരിക്കുന്നതിനായെത്തിയതാണ് ജ്യോതി. ഇവർക്കൊപ്പം ഭർത്താവ് ലളിതേഷും ഉണ്ടായിരുന്നു.
ചൊവ്വാഴ്ചയാണ് ബോബി എന്നയാള്‍ വീട്ടിലെത്തി ചമ്പാ ദേവിക്ക് നേരെ കത്തി വീശിയത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ ജ്യോതിക്കും ലളിതേഷിനും വെട്ടേറ്റു. സംഭവ സ്ഥലത്ത് വച്ചുതന്നെ ജ്യോതി മരിച്ചു. ലളിതേഷ് ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. ആറു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ചമ്പാദേവിയും ബോബിയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഒരു കേസിലകപ്പെട്ട് ജയിലിലായ ബോബി, 15 ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. താൻ ജയിലിലായപ്പോള്‍ ചമ്പാദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് ആരോപിച്ചാണ് ബോബി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചമ്പാ ദേവിയുടെ ആദ്യ ഭർത്താവ് നേരത്തെ മരിച്ചുപോയതാണ്. രണ്ടാമത്തെ ഭർത്താവ് ഇവരെ വിട്ട് ബിഹാറിലാണ് താമസം.
കൂട്ടാളിക്കൊപ്പം ബോബി കത്തിയുമായി വന്ന് മകളെയും മരുമകനെയും ആക്രമിക്കുമ്പോൾ ചമ്പാദേവി വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടി. പോലീസ് സ്ഥലത്തെത്തി ജ്യോതിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബോബിയെ പോലീസ് അറസ്റ്റ് ചെയ്തു. ബോബിക്കൊപ്പമുണ്ടായിരുന്ന ആളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.