കുട്ടികൾ എന്തു കണ്ടാലും പെറുക്കി വായിലിടും- മാതാപിതാക്കളുടെ പതിവ് പരാതിയാണ്.
നല്ലതേതാണ് മോശമേതാണെന്ന് അറിയാത്ത പ്രായത്തിൽ കുട്ടികൾ കാണുന്നതെല്ലാം വായിലിടും. ചിലപ്പോൾ വായിലിടുന്ന സാധാനം തൊണ്ടയിൽ കുരുങ്ങി ജീവഹാനി വരെ സംഭവിക്കാം.
അത്തരമൊരു സാഹചര്യത്തിൽ ഉണർന്ന് പ്രവർത്തിച്ച ഒരു അമ്മയാണ് ഇപ്പോൾ ഓസ്ട്രേലിയയിലെ താരം.
മാതാപിതാക്കൾക്കായി പ്രഥമശുശ്രൂഷാ കോഴ്സുകൾ നടത്തുന്ന ഓസ്ട്രേലിയൻ സംഘടനയായ ടൈനി ഹാർട്ട്സ് എഡ്യൂക്കേഷനാണ് വീഡിയോ ഷെയർ ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സംഭവം ഇങ്ങനെയാണ്. മാതാപിതാക്കൾ കുടുംബത്തോടെ ടിവി കാണുകയായിരുന്നു. അപ്പോൾ കൂടെയുണ്ടായിരുന്ന കുട്ടി എന്തോ സാധനം വായിൽ വയ്ക്കുന്നതായി കാണാം. പെട്ടെന്ന് വായിൽ വച്ച സാധനം കുട്ടിയുടെ തെണ്ടയിൽ കുരുങ്ങുന്നു.
ഇതുകണ്ട അമ്മ ഉടൻ കുട്ടിയെ കമഴ്ത്തി കിടത്തി പുറത്ത് ശക്തിയായി തട്ടുന്നു. ഉടനെ കുട്ടി സാധാരണ അവസ്ഥയിലേക്ക് എത്തുന്നതും വീഡിയോയിൽ കാണാം.
ശ്വാസം മുട്ടി കുട്ടികൾക്കുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾക്കുള്ള മുൻകരുതൽ സന്ദേശമായാണ് ടൈനി ഹാർട്ട്സ് എഡ്യൂക്കേഷൻ വീഡിയോ ഷെയർ ചെയ്തത്. ഒരാളുടെ കമന്റ് ഇങ്ങനെയാണ്- ഇത് കാണാൻ പ്രയാസമാണ്, പക്ഷേ ഇതാണ് യഥാർത്ഥ ജീവിതം .