കൊല്ലം: വൃദ്ധയായ അമ്മായിയമ്മയെ വീടിനുപുറത്താക്കി ഗേറ്റടച്ച് മരുമകൾ, നിസഹായായ ആ അമ്മയുടെ കരിച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ വിവരം പോലീസിനെ അറിയിച്ചു. കൊല്ലം പരവൂർ ചിറക്കരത്താഴത്ത് സുലോചനയമ്മയ്ക്കാണ് ഈ ദുർവിധി ഉണ്ടായത്.
മരുമകളുടെ പീഡനമേറ്റ് കഴിയുകയായിരുന്നു വർഷങ്ങളായി സുലോചനയമ്മ. സാന്പത്തികമായി ഉയർന്ന നിലയിലുള്ള കുടുംബമാണ്. മകൻ മസ്ക്കറ്റിൽ ഉയർന്ന ജോലിയിൽ. എന്നിട്ടും അമ്മയുടെ കാര്യങ്ങൾ നോക്കാനോ സാന്പത്തിക സഹായം നൽകാനോ മകനും തയാറായിരുന്നില്ല.
മകൻ പ്രതിമാസം അമ്മയ്ക്ക് നൽകിയിരുന്നത് 750 രൂപയായിരുന്നു. വീട്ടിലെ ജോലി മുഴുവൻ ചെയ്തും നേരാവംവണ്ണം ആഹാരം പോലും കഴിക്കാതെയുമാണ് താൻ ഇത്രയും നാൾ ഇവിടെ കഴിഞ്ഞു കൂടിയിരുന്നതെന്ന് സുലോചനയമ്മ പറഞ്ഞു. ഇന്നു രാവിലെ മരുമകൾ വീടിനു അവരെ പുറത്താക്കി ഗേറ്റ് പൂട്ടുകയായിരുന്നു. ചോദിക്കാൻ വന്ന അയൽക്കാരോട് തന്റെ വീട്ടിലെ കാര്യം താൻ നോക്കിക്കൊള്ളാം എന്ന മറുപടിയാണ് മരുമകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പോലീസുകാരോടും അവർ തട്ടിക്കയറി.
അയൽവാസികളുടെ സംരക്ഷണയിലാണ് സുലോചനയമ്മ ഇപ്പോൾ. എന്തു വന്നാലും താൻ ഈ വീട്ടിൽ നിന്നു പോകില്ലന്നും അവിടെ കിടന്നു മരിക്കണമെന്നുമാണ് സുലോചനയമ്മയുടെ നിലപാട്. വിഷയത്തിൽ ഇടപെടുമെന്നും ശക്തമായ നടപടികളെടുക്കുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.