പേരൂർക്കട: ഇതരസംസ്ഥാനക്കാരിയുടെ വിരലിൽ മാസങ്ങൾക്കുമുമ്പ് കുടുങ്ങിയ മോതിരം ഫയർഫോഴ്സ് മണിക്കൂറുകളോളം പരിശ്രമിച്ച് മുറിച്ചുനീക്കി. ഹിന്ദി ഭാഷ സംസാരിക്കുന്ന 48 കാരിയായ യുവതിയുടെ വലതുകൈയ്യിലെ ചെറുവിരലിൽ ആണ് മോതിരം കുടുങ്ങിയത്.
വിരൽ അറ്റുപോകാവുന്ന അവസ്ഥയിലായിരുന്നു. അവസാന നിമിഷം ഫയർഫോഴ്സ് രക്ഷയ്ക്കെത്തി മോതിരം മുറിച്ചു നീക്കി. ഭാണ്ഡക്കെട്ടുകളുമായി റോഡിൽ 2 ദിവസം മുമ്പ് അലഞ്ഞുതിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്
തിരുവനന്തപുരം വിജെടി ഹാളിന് എതിർവശത്ത് വച്ച് കണ്ടോൺമെന്റ്് പോലീസാണ് ഇവരെ പിടികൂടുകയും ജനറൽ ആശുപത്രിയിലെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തത്.
ശാരീരിക അവശത അനുഭവിച്ചിരുന്ന ഇവരെ ആശുപത്രിയിലെ ഡോക്ടർ പരിശോധിക്കുന്നതിനിടെ ആണ് വിരലിൽ കുടുങ്ങിയ മോതിരം ശ്രദ്ധയിൽപ്പെടുന്നത്. വളരെ നാളായി മോതിരം കുടുങ്ങി കിടന്നതിനാൽ വിരൽ അറ്റുപോകാമെന്ന അവസ്ഥ വരെ എത്തിയിരുന്നു.
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽനിന്ന് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ബിനു, അമൽരാജ്, ദിനൂപ്, ജയേഷ് ചന്ദ്രൻ എന്നിവർ ചേർന്ന് കട്ടിങ് പ്ലെയർ, നോസിൽ പ്ലെയർ എന്നിവ ഉപയോഗിച്ചു ഏതാണ്ട് ഒരു മണിക്കൂർ കഠിന പരിശ്രമത്തിന് ശേഷമാണ് മോതിരം നീക്കം ചെയ്തത്.
വേദന അറിയാതിരിക്കുന്നതിനുള്ള മരുന്നും മറ്റു ശുശ്രൂഷകളും നടത്തിയ ശേഷം ഇവരെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.