റാന്നി: മോതിരവയലിൽ യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. റാന്നി മോതിരവയൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ ജോൺസന്റെ മകൻ ജോബിൻ ജോൺസണെ(28)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ജോജോയും സുഹൃത്ത് സുധീഷും (പൊന്നു) അറസ്റ്റിലായി. ഞായറാഴ്ച രാത്രി ഒരുമിച്ചിരുന്നുള്ള മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.
കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ പലയിടത്തും മർദനമേറ്റ പാടുകളുണ്ട്, തലയിൽ മുറിവേൽക്കുകയും ചെയ്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണിക്കൂറുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ജോബിന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ വീട്ടിനുള്ളിലെ ഹാളിൽ കാണപ്പെട്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഒരുമിച്ചിരുന്ന് മദ്യപിച്ച സഹോദരൻ ജോജോ, സുഹൃത്ത് സുധീഷ് എന്നിവരെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ജോജോയും സുഹൃത്തും ചേർന്നാണ് മർദിച്ചതെന്ന് ചോദ്യം ചെയ്യലിൽ വെളിവായതിനെത്തുടർന്നാണ് ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തിയതായി റാന്നി ഡിവൈഎസ്പി ആർ. ബിനു, ഇൻസ്പെക്ടർ പി.എസ്. വിനോദ് എന്നിവർ പറഞ്ഞു.
അന്വേഷണം തുടരും
ജോബിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നു പോലീസ് പറഞ്ഞു. കൊലപാതകവുമായി മറ്റാർക്കെങ്കിലും നേരിട്ട് ബന്ധമുണ്ടോയെന്നറിയാനാണിത്.
ജോബിൻ, പിതാവ് ജോൺസൺ, മാതാവ് വിജയമ്മ എന്നിവരാണ് കൊലപാതകം നടന്ന വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയം മറ്റൊരു വീട്ടിലായിരുന്ന ഇവർ മടങ്ങിയെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
ജോജോ ഭാര്യവീട്ടിലാണ് താമസം. വീട്ടിൽ മദ്യപാനം പതിവായിരുന്നെന്ന് പറയുന്നു.ഡിവൈഎസ്പിമാരായ ആർ. ജോസ്, ആർ. ബിനു എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സിഐ പി.എസ്. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചു.
എസ്ഐമാരായ അനീഷ്, ശ്രീഗോവിന്ദ്, എഎസ്ഐമാരായ അനിൽ, കൃഷ്ണൻകുട്ടി, കൃഷ്ണകുമാർ, എസ്സിപിഒ ബിജുമാത്യു, സിപിഒമാരായ സുമിൽ, ഷിന്റോ, അജാസ്, സോജു, ലിജു, ആൽവിൻ ജോസഫ്, ജിനു, വിനീത്, രെഞ്ചു എന്നിവരും സംഘത്തിലുണ്ട്.