ഗാൽവസ്റ്റണ്‍ (ഹൂസ്റ്റണ്‍): ഗാൽവസ്റ്റണ്‍ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ട് അധ്യാപിക ദസരി ഹാർട്ടനെറ്റ് (61) കൊല്ലപ്പെട്ട കേസിൽ മുപ്പത്തിരണ്ടുകാരനായ മകൻ ഗ്രിഗറി പോൾ ഹാർട്ടനെറ്റിനെ ഗാൽവസ്റ്റണ്‍ പൊലിസ് അറസ്റ്റു ചെയ്തു.
ജൂണ്‍ 28 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബ്ലോക്ക് പൈൻ സ്ട്രീറ്റിലെ വീട്ടിൽ ബഹളം നടക്കുന്നതായി അറിഞ്ഞ പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ദസരി.
പൊലീസ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപ് മരണം സംഭവിച്ചു.
അമ്മയും മകനും തമ്മിൽ വഴക്കുണ്ടായതായും, അത് അധ്യാപികയുടെ മരണത്തിൽ അവസാനിക്കുകയായിരുന്നുവെന്നാണു പോലീസിന്റെ നിഗമനം.
സംഭവത്തിനുശേഷം രക്ഷപ്പെട്ട ഗ്രിഗറിയെ സമീപ പ്രദേശത്തു നിന്നു തന്നെ പോലീസ് പിടികൂടി. ഗ്രിഗറിയെ പിന്നീട് ഗാൽവസ്റ്റണ്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.
ദീർഘകാലം ഗാൽവസ്റ്റൻ ഐഎസ്ഡിയിൽ ബൈ ലിഗ്വൽ അധ്യാപികയായിരുന്ന ദസരി കഴിഞ്ഞ വർഷമാണ് വിരമിച്ചത്. എന്നാൽ കോവിഡ് വ്യാപകമായതോടെ ഓണ്‍ലൈൻ അധ്യാപികയായി ഇവർ വീണ്ടും സർവീസിൽ പ്രവേശിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ