കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്ക്കാന് പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്. പക്ഷേ ബീഹാറില്‍ നിന്നും കേരളത്തില്‍ എത്തിയ മോട്ടിപ്രസാദ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന മലയാളിപ്പേരു സ്വീകരിച്ചെങ്കിലും സ്വഭാവം പഴയ ബിഹാറിയുടേതു തന്നെയായിരുന്നു. ഇതിനകം 13 പേരുടെ ജീവനാണ് രാമചന്ദ്രന് കവര്‍ന്നത്…ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും കുപ്രസിദ്ധനായ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സ്വഭാവം നിഴലിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടത്തിയ കൊലപാതകവും.
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്മാരെ രാമചന്ദ്രന് കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇന്നലെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്. 2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ആനയുടെ ആക്രമണത്തില്‍ പന്ത്രണ്ടുകാരന് മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രന് ഇടഞ്ഞപ്പോള്‍ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രന് ഇടഞ്ഞപ്പോള്‍ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവന്.
വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടര്‍മാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പൂരത്തിന് മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നിര്‍ദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാന്‍ മൂന്നംഗ മെഡിക്കല്‍ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇവര്‍ തിരിച്ചുപോവുകയായിരുന്നു.
കേരളത്തില്‍ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നും അന്ന് മോട്ടിപ്രസാദ് എന്നറിയപ്പെട്ടിരുന്ന ആനയെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന് എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്.
കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. 1986ല്‍ അന്നത്തെ പാപ്പാന് വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയ പാപ്പാന്റെ മര്‍ദ്ദനത്തിലായിരുന്നു ആനയുടെ വലതുകണ്ണ് കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടത്. കാലക്രമേണ ഇടതുകണ്ണിനും കാഴ്ച നഷ്ടമായി. തലയെടുപ്പും ഗാംഭീര്യവും ഉയരവും കൊണ്ട് അനേകം ആരാധകരെ സമ്പാദിച്ചിട്ടുള്ള തെച്ചിക്കോട്ട് രാമചന്ദ്രന് ഇതിനകം അനേകം സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഗൃഹപ്രവേശനച്ചടങ്ങ് കൊഴുപ്പിക്കാനെത്തിച്ച കൊമ്പന് പടക്കത്തിന്റെ ശബ്ദം കേട്ട് ഇടഞ്ഞോടിയതായിരുന്നു ഇന്നലെ അപകടത്തിന് കാരണമായത്. അതിഥികളായെത്തിയ രണ്ടു പേരെ കൊലപ്പെടുത്തി. ഭയന്നോടിയ മേളക്കാരടക്കം നിരവധി പേര്‍ക്കു പരുക്കുണ്ട്. ആന ഇടഞ്ഞതുകണ്ട് ഭയന്നോടുന്നതിനിടെ വീണാണു പലര്‍ക്കും പരുക്കേറ്റത്. മുന്നിലകപ്പെട്ട നാരായണ പട്ടേരിയെ രാമചന്ദ്രന് തട്ടിയിട്ട് ചതച്ചരച്ചു. തല്‍ക്ഷണം മരിച്ചു. ഗംഗാധരന് പിന്നീട് ആശുപത്രിയിലാണു മരിച്ചത്.
കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിലെ ഉത്സവം എഴുന്നള്ളിപ്പിനോടു ചേര്‍ന്നാണ് മുള്ളത്ത് ഷൈജു അല്‍പ്പമകലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശനം നിശ്ചയിച്ചത്. ഷൈജുവിന്റെ വക വഴിപാടായി ക്ഷേത്രത്തിലേക്കു രണ്ട് ആനകളെ എത്തിച്ചു. പുതിയ വീടിന്റെ മുറ്റത്തുനിന്ന് എഴുന്നള്ളിപ്പ് തുടങ്ങുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അതിഥികളില്‍ പലരും ഷൈജുവിനൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരായിരുന്നു. പുതിയ വീട്ടില്‍നിന്നുള്ള പൂരം കാണാന്‍ ഏറെപ്പേര്‍ എത്തുകയും ചെയ്തു. പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ പടക്കം പൊട്ടിച്ചു. 15 മിനിറ്റിനു ശേഷം ഒരു പ്രകോപനവുമില്ലാതെയാണ് ആന ഓടിയതെന്നു പറയുന്നു.
പഞ്ചവാദ്യം കലാകാരന്മാരായ ചാലിശേരി സ്വദേശി അംജേഷ് കൃഷ്ണന്(26),പട്ടാമ്പി ചാക്കോളില്‍ സജിത്ത്(18), പട്ടാമ്പി തടത്തില്‍ പറമ്പില്‍ രാഹുല്‍(19), കൂറ്റനാട് പെരിങ്ങോട് പള്ളിവളപ്പില്‍ സന്തോഷ് (24), പെരുമണ്ണൂര്‍ കുറുപ്പത്ത് ദാമോദരന്‍(62), എഴുന്നള്ളത്ത് കാണാനെത്തിയ കോട്ടപ്പടി മുള്ളത്ത് ശ്രീധരന്റെ ഭാര്യ രഞ്ജിനി(65), അരിമ്പൂര്‍ കോഴിപ്പറമ്പ് സുരേഷ് ബാബു(52), പാലയൂര്‍ കരുമത്തില്‍ അക്ഷയ്(15), മുകേഷ് കുമ്പളേങ്ങാട് (32), ഏങ്ങണ്ടിയൂര്‍ പള്ളിക്കടവത്ത് അരുണ്‍കുമാര്‍(55), മാറഞ്ചേരി സുഹറ (60) എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒടുവില്‍ കൊമ്പനെ പാപ്പാന് മെരുക്കുകയായിരുന്നു.