തൊടുപുഴ: കോവിഡിന്റെ പശ്ചാത്തലത്തിൽ കുറച്ചിരുന്ന വാഹന പരിശോധന ശക്തമാക്കാനൊരുങ്ങി മോട്ടോർവാഹന വകുപ്പ്.
ഗതാഗത നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് മോട്ടോർവാഹന വകുപ്പ് എൻഫഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കാനൊരുങ്ങുന്നത്.
നിരത്തുകളിൽ ഇന്റർസെപ്റ്ററും ഇ-പോസ് മെഷീനും ഉപയോഗിച്ചുള്ള പരിശോധനയ്ക്കു പുറമെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് കാമറകളും സ്ഥാപിക്കും.
നാലു ഭാഗത്തേയ്ക്കും തിരിയുന്ന തരത്തിലുള്ള അതി നൂതനമായ കാമറകൾ കെൽട്രോണാണ് രൂപ കൽപ്പന ചെയ്യുന്നത്.
ജില്ലയിൽ 50 സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് മോട്ടോർവാഹന വകുപ്പധികൃതർ പറഞ്ഞു. മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിനായി പ്രത്യേക ഓഫീസ് തൊടുപുഴ വെങ്ങല്ലൂരിൽ തുറക്കും. കണ്ട്രോൾ റൂം ഉൾപ്പെടെ ഇവിടെ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
സെപ്റ്റംബർ ഒന്നിന് ഇവിടെ കണ്ട്രോൾ റൂം പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യങ്ങൾ മൂലം ഇത് വൈകുകയായിരുന്നു.
ഡിസംബറോടെ ഓഫീസിന്റെ പ്രവർത്തനം പൂർണ സജ്ജമാക്കി പ്രവർത്തനം തുടങ്ങാനാണ് പദ്ധതി. ഇതിനു പുറമെ നിലവിലുള്ള ഇന്റർസെപ്റ്ററിനു പുറമെ അത്യാധുനിക കാമറ സംവിധാനമുള്ള വാഹനങ്ങൾ കൂടി ഉടൻ തന്നെ മോട്ടോർ വാഹന വകുപ്പിന്േറതായി ജില്ലയിലെത്തും.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയടപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് പുതുതായി പുറത്തിറക്കിയ ഇ-പോസ് (പോയിന്റ് ഓഫ് സെയ്ൽ) മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധന ജില്ലയിൽ നടന്നു വരുന്നുണ്ട്. ഇ -പോസ് മെഷീൻ ഉപയോഗിച്ചുള്ള വാഹന പരിശോധനയിൽ രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
ഹെൽമറ്റ് ഇല്ലാതെ വാഹനമോടിക്കലും പിൻസീറ്റ് യാത്രയും, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, രജിസ്ട്രേഷൻ നന്പരുകൾ ശരിയായ രീതിയിലും വലിപ്പത്തിൽ പ്രദർശിപ്പിക്കാതിരിയ്ക്കൽ, രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓടിയ്ക്കുക, കോവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനം, പൊതു ഗതാഗത നിയമങ്ങൾ ലംഘിക്കുക തുടങ്ങി എല്ലാ കുറ്റകൃത്യങ്ങളും ഇ-പോസ് മെഷീനിൽ പതിയും.
ഫോട്ടോ എടുക്കുന്പോൾ തന്നെ വാഹന നന്പർ മെഷീനിൽ തെളിയും. അതിനാൽ വാഹനത്തിന് ഏതൊക്കെ രേഖകൾ നിലവിലുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുകയും ചെയ്യും. കണ്ടെത്തുന്ന നിയമലംഘനങ്ങളും പിഴ ഉൾപ്പെടെയുള്ള വിവരങ്ങളും അപ്പോൾ തന്നെ വാഹന ഉടമയുടെ രജിസ്റ്റേർഡ് മൊബൈൽ നന്പരിൽ സന്ദേശമായെത്തും. നിയമലംഘനം കണ്ടെത്തിയാൽ പിഴത്തുക എത്രയാണെന്നത് സംബന്ധിച്ചും ഉടമയ്ക്ക് സന്ദേശം ലഭിക്കും.
പല ഗതാഗത നിയമലംഘനങ്ങൾക്കും ഇപ്പോൾ പിഴത്തുക വർധിപ്പിച്ചിട്ടുണ്ട്. പിഴ ഈടാക്കുന്നത് വാഹൻ സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാൽ ഏതൊക്കെ ഇനത്തിൽ നിയമലംഘനമുണ്ടായാലും അതെല്ലാം ചേർത്ത് പിഴയടക്കേണ്ടി വരും. ചിലപ്പോൾ വൻ തുക തന്നെ വാഹനയുടമ നൽകേണ്ടി വരും. ഒഴിവു കഴിവു പറഞ്ഞ് പിഴയിൽ നിന്ന് രക്ഷപെടാനാവില്ല.