ജഹാനാബാദ്: ബിഹാറിൽ ആംബുലൻസ് ലഭിക്കാതെ ചികിത്സ വൈകിയതിനെ തുടർന്ന് മൂന്ന് വയസുകാരൻ മരിച്ചു. ബിഹാറിലെ ജഹാനാബാദിലാണ് ലോക്ക്ഡൗൺ കാലത്തെ നൊന്പര ദൃശ്യം.
ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് നാൽപ്പത്തഞ്ചു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നു നീങ്ങവെയാണ് അമ്മയുടെ കൈയിലിരുന്ന് കുട്ടി മരിച്ചത്.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന കുട്ടിയെ ജഹാനാബാദ് ജില്ലാ ആശുപത്രിയിൽ നിന്ന് പാറ്റ്നയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റാൻ നിർദേശിച്ചിരുന്നു.
ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ എത്രയും വേഗം പോകാനാണ് ഡോക്ടർ നിർദേശിച്ചത്. എന്നാൽ ആംബുലൻസ് സൗകര്യം ലഭിച്ചില്ല. ഇതിനിടെ കുഞ്ഞിന്റെ നില ഗുരുതരമായിക്കൊണ്ടിരിന്നു. ഇതേതുടർന്നാണ് പാറ്റ്നയിലേക്ക് നടന്നു നീങ്ങിയതെന്ന് അച്ഛൻ ഗിരീഷ് കുമാർ പറഞ്ഞു.
കുട്ടിയുടെ അമ്മ മൃതദേഹവും കൈയിലെടുത്ത് റോഡിലൂടെ നടന്നു പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.