ഒറ്റപ്പാലം: മൂന്നാം കണ്ണ്, നിയമ ലംഘനം നടത്തുന്നവർ ഇനി കരിന്പട്ടികയിൽ. നിയമം ലംഘിച്ച് വാഹനമോടിക്കുകയും മോട്ടോർ വാഹനവകുപ്പ് നോട്ടീസയച്ചിട്ടും പിഴയടക്കാത്തവരെയുമാണ് കരിന്പട്ടികയിൽ ഉൾപ്പെടുത്തുന്നത്.
നുറുക്കണക്കിനാളുകൾക്കാണ് മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന്റെ പേരിൽ ഇത്തരത്തിൽ നോട്ടീസ് അയച്ചത്. മോട്ടോർ വാഹനവകുപ്പ് പിടിച്ചതിൽ ഏറെയും ഹെൽമറ്റ് ധരിക്കാത്തവരായിരുന്നു.
മൊബൈലിൽ സംസാരിച്ച് യാത്ര ചെയ്തവരും കുടുങ്ങി. മൂന്നുപേരെ പിറകിലിരുത്തി ബൈക്ക് ഓടിച്ചവരും ഇത്തരത്തിലുണ്ട്.
തേഡ് ഐ പദ്ധതിപ്രകാരം നിയമ ലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് അധികൃതർ കണ്ടെത്തുകയും മൊബൈലിൽ ഫോട്ടോയെടുത്ത് നോട്ടീസയച്ചിട്ടും പിഴയടക്കാൻ കൂട്ടാക്കാത്തവരും ധാരാളമാണ്. ഇവരാണ് കരിന്പട്ടികയിൽപ്പെടാൻ പോകുന്നത്.
കരിന്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ഇനിമുതൽ മോട്ടോർ വാഹന വകുപ്പിൽനിന്നും ഒരു സേവനവും ലഭിക്കില്ല. സമീപകാലത്താണ് ഒറ്റപ്പാലം സബ് ആർടിഒ ഓഫീസ് തേഡ് ഐ പദ്ധതി നടപ്പാക്കാൻ തുടങ്ങിയത്.
ഈ കാലയളവിൽ നിയമലംഘനം നടത്തിയതിന് ഏകദേശം 700 നുമുകളിൽ ആളുകൾക്കാണ് നോട്ടീസ് അയച്ചത്. ഏഴുദിവസത്തിനകം പുതിയ പിഴ നിരക്കനുസരിച്ച് അടയ്ക്കണം എന്ന നിർദ്ദേശത്തോടെ ആണ് നോട്ടീസ് അയക്കുന്നത്.
ഇതിലാണ് ഭൂരിഭാഗം പേരും ഇപ്പോഴും പിഴ അടയ്ക്കാതെ നടക്കുന്നത്. മോട്ടോർ വാഹനവകുപ്പിന്റെ സേവനങ്ങളുടെ പുതിയ സോഫ്റ്റ്വെയറായ വാഹൻ സാരഥിയിലാണ് കരിന്പട്ടികയിൽ ഉൾപ്പെടുത്തുക. പിഴ അടയ്ക്കാത്തവരുടെ ലൈസൻസ് റദ്ദാക്കാനും മോട്ടോർ വാഹനവകുപ്പിന് ആലോചനയുണ്ട്.
വാഹനത്തിന്റെ നന്പർ കണ്ടെത്തി ഉടമയുടെ ലൈസൻസ് ആണ് താത്കാലികമായി റദ്ദാക്കുക. പദ്ധതിപ്രകാരം പാലക്കാട് ജില്ലയിൽ ഏറ്റവുമധികം നിയമലംഘനം നടന്നിട്ടുള്ളത് ഒറ്റപ്പാലത്താണ്. ഇരുചക്രവാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്താൽ നിയമ ലംഘനത്തിന്റെ പരിധിയിൽ വരും.
ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്ന പിൻസീറ്റ് യാത്രക്കാർക്കും പിഴചുമത്തും. അതേസമയം കൊറോണ കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം മുതലെടുത്ത് ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെയും പിൻസീറ്റ് യാത്രക്കാരുടെയും എണ്ണം വർധിച്ചുവരികയാണ്.
ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കർശനമായി തടയാനാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുള്ളത്.