എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിൽ വൻപിഴ ഒഴിവാക്കാൻ ഭേദഗതിക്ക് സർക്കാർ നീക്കം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്നലെ മുഖ്യമന്ത്രി മോട്ടോർ വാഹന വകുപ്പിലെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധനയും ഉയർന്ന പിഴയും ഈടാക്കേണ്ടെന്ന് നിർദേശിച്ചിരുന്നു. ഓണം കഴിഞ്ഞതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്നാണ് മുഖ്യമന്ത്രി നൽകിയ നിർദേശം. ഈ യോഗത്തിലാണ് പിഴകുറച്ച് ഓർഡിനൻസ് ഇറക്കുന്നതിനെക്കുറിച്ച് അഭിപ്രായം ഉയർന്നത്. വാഹന ഉടമകൾ വൻ പിഴ അടയ്ക്കാൻ തയ്യാറാകാതെ പിഴ കോടതിയിൽ അടയ്ക്കാമെന്ന നിലപാടിലാണെന്ന വിവരം യോഗത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ അറിയിച്ചു.
പലയിടത്തും കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും സമാന അഭിപ്രായമാണ് ഉയർന്നത്. പലയിടത്തും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന പരാതി സർക്കാരിന്റെ മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് വൻ പിഴ ഈടാക്കുന്നതിനെ എങ്ങനെ മറികടക്കാമെന്ന ചിന്ത സർക്കാരിന് മുന്നിലെത്തിയത്. വേണ്ടത്ര കൂടിയാലോചയില്ലാതെ പിഴ ഈടാക്കിയത് ശരിയായില്ലെന്ന അഭിപ്രായം സിപിഎം, കോൺഗ്രസ്, സിപിഐ എന്നിവ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളും സർക്കാരിനെ അറിയിച്ചു.
മുന്നണിയുടെ അഭിപ്രായം തേടാതെയാണ് ഗതാഗതവകുപ്പ് ഉയർന്ന പിഴ ഈടാക്കാനുള്ള തീരുമാനം എടുത്തത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നായിരുന്നു എൽഡിഎഫ് തീരുമാനം. ഇതിനു വിരുദ്ധമായ നടപടിയാണ് ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായത്. മുന്നണിയിൽ ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയാണ്.
സർക്കാർ കാര്യമാണെങ്കിലും ജനവികാരം എതിരാകുന്ന തീരുമാനത്തിന് മുന്പ് ഒരു തരത്തിലുമുള്ള കൂടിയാലോചനകളും മുന്നണിയുമായി നടത്തിയിരുന്നില്ല. ചികിത്സയിലായിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്.
സിപിഐയുടെ മറ്റുനേതാക്കളുമായും കൂടിയാലോചന നടത്തിയിരുന്നില്ല. മദ്യപിച്ചു വാഹനം ഓടിക്കുന്നതിനുള്ള കടുത്ത ശിക്ഷയൊഴിച്ച് മറ്റു ശിക്ഷകളിൽ ഇളവനുവദിക്കണമെന്ന അഭിപ്രായമാണ് സിപിഐയ്ക്കുള്ളത്. മുഖ്യമന്ത്രിയുടെ അഭിപ്രായം തേടാതെയുള്ള തീരുമാനമായതിനാലാണ് ഇക്കാര്യത്തിലുള്ള കടുത്ത പ്രതിഷേധവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ തന്നെ ആദ്യം രംഗത്തു വന്നത്.
മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്. ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്.
കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.
അതേസമയം പിഴ കുറയ്ക്കുന്നതു സംബന്ധിച്ച് നിയമത്തിൽ ഇളവുതേടി കേന്ദ്രത്തെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഓണക്കാലത്ത് പിഴ ഈടാക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്ക് ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം തുടർനടപടി സ്വീകരിക്കും.