കൊല്ലം : കേന്ദ്ര്രസർക്കാരിന്റെ മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പിലാക്കുന്നത് കേരളത്തിലും മാറ്റിവെയ്ക്കണമെന്ന് ദി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം. ബി. സത്യനും ജനറൽ സെക്രട്ടറി ലോറൻസ് ബാബുവും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റോഡ് അപകടങ്ങൾ കുറയ്ക്കാൻ എന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം ഗതാഗതമേഖലയിൽ കടന്നുകയറുവാൻ വൻകിട കുത്തകൾക്ക് അവസരം നൽകുമെന്നും ഇത് പൊതുമേഖലയേയും സ്വകാര്യ മേഖലയേയും ഒരുപോലെ നശിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ മോട്ടോർ വാഹന ചട്ടലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർദ്ധിപ്പിച്ചതുവഴി ഇരുചക്രവാഹനമടക്കമുള്ള വാഹന ഉടമകൾക്കും മോട്ടോർ വാഹന തൊഴിലാളികൾക്കുംബുദ്ധിമുട്ട് ഉണ്ടാക്കും.
സംസ്ഥാനത്ത് സെപ്റ്റംബർ ഒന്നുമുതൽ ഈ നിയമം നടപ്പിലാക്കിയപ്പോൾ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ആന്ധ്ര, തെലുങ്കാന, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കാതെ മാറ്റിവെയ്ക്കുകയാണുണ്ടായത്.സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കും മോട്ടോർ തൊഴിലാളികൾക്കും ആശ്വാസം ലഭിക്കാനുള്ള നടപടിയെന്ന നിലയിൽ കേന്ദ്രമോട്ടോർ വാഹനനിയമം നടപ്പിലാക്കുന്നത് മാറ്റിവെയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.